ലഖ്നൗ:വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ പുരാവസ്തു ഖനനം നടത്താന്‍ അനുമതി നല്കിയ വാരാണസി കോടതി ഉത്തരവിനെ ചോദ്യം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് അറിയിച്ചു. ജ്യാന്വാപി മസ്ജിദിന്റെ നിലനില്പ് ചോദ്യം ചെയ്യാനാകാത്തതാണെന്നും കോടതി ഉത്തരവ് 1991 ലെ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് ബോര്‍ഡ് ചെയര്മാന് സഫര്‍ ഫാറൂഖി വ്യക്തമാക്കി. ഗ്യാന്‍വാപി മസ്ജിദ് കാര്യത്തില്‍ സുപ്രീം കോടതി തന്നെ പലതവണ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതയില്‍ ഹരജി നല്‍കുമെന്ന് സഫര്‍ ഫാറൂഖി പ്രസ്താവനയില്‍ പറഞ്ഞു.
കാശി വിശ്വനാഥ ക്ഷേത്രം നിലനിന്ന സ്ഥലത്താണ് ഗ്യാന്‍വാപി പള്ളിയെന്ന് ആരോപിച്ച് ഹിന്ദുത്വ ശക്തികള്‍ പ്രചാരണം ശക്തിപ്പെടുത്തിയിരിക്കെയാണ് സ്ഥലത്ത് പുരാവസ്തു സര്‍വേ നടത്താന്‍ വാരാണസി കോടതി അനുമതി നല്‍കിയത്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബ് മസ്ജിദ് നിര്‍മ്മിച്ചത് ക്ഷേത്ര ഭൂമി കയ്യേറിയാണെന്നും, അതിനാല്‍ മസ്ജിദ് പൊളിച്ചു നീക്കി ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ വിജയ് ശങ്കര്‍ രസ്തോഗിയാണ് കോടതിയെ സമീപിച്ചത്. ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ച് 1664 ല്‍ ഔറംഗസേബ് മസ്ജിദ് നിര്‍മ്മിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു.