Friday, September 30, 2022
HomeNewsNationalടൂള്‍ കിറ്റ് കേസില്‍ ഹൈക്കോടതി അഭിഭാഷകക്കെതിരെ അറസ്റ്റ് വാറണ്ട്‌

ടൂള്‍ കിറ്റ് കേസില്‍ ഹൈക്കോടതി അഭിഭാഷകക്കെതിരെ അറസ്റ്റ് വാറണ്ട്‌

ന്യൂഡല്‍ഹി: കാലവസ്ഥ പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ അഭിഭാഷകയും പരിസ്ഥിതി പ്രവര്‍ത്തകയുമായ നികിത ജേക്കബിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നിഖിതയാണ് ടൂള്‍ കിറ്റ് നിര്‍മ്മിച്ചതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹി പൊലീസിന്റെ അഭ്യര്‍ത്ഥനയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിഭാഷകയാണ് നിഖിത. നിഖിതയെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ടൂള്‍ കിറ്റ് കേസില്‍ 21കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിന് പിന്നാലെയാണ് നികിതക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.

ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ കാമ്പയിന്റ ഇന്ത്യയിലെ സ്ഥാപക പ്രവര്‍ത്തകരിലൊരാളായ ദിഷ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടില്‍നിന്ന് ശനിയാഴ്ച രാവിലെയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വൈകീട്ട് ആറിനുള്ള വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ദിഷ രവിയെ നടപടി ക്രമങ്ങള്‍ പാലിച്ചല്ല കോടതിയില്‍ ഹാജരാക്കിയതെന്ന് മുതിര്‍ന്ന അഭിഭാഷക റെബേക്ക മാമ്മന്‍ ജോണ്‍ പ്രതികരിച്ചു. അറസ്റ്റ് സംബന്ധിച്ചും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകനെ ഉറപ്പുവരുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് റെബേക്കയുടെ ആരോപണം.

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ട്വീറ്റ് ചെയ്ത ടൂള്‍ കിറ്റുമായി (ഗൂഗ്ള്‍ ഡോക്യുമെന്റ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 

Most Popular