Friday, July 30, 2021
Home News National വമ്പന്‍മാരെ പുറത്തിരുത്തിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു പുതുമുഖം; അര്‍സാന്‍ നഗ്വാസ് വാലയ്ക്ക് നറുക്ക്...

വമ്പന്‍മാരെ പുറത്തിരുത്തിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഒരു പുതുമുഖം; അര്‍സാന്‍ നഗ്വാസ് വാലയ്ക്ക് നറുക്ക് വീണതെങ്ങിനെ

മുംബൈ: ന്യൂസിന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും ശേഷമുള്ള അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് പര്യടനത്തിനുമായുള്ള ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിതമായി ഇടം പിടിച്ച് ഒരു പുതുമുഖ താരം. ഹാര്‍ദിക് പാണ്ഡ്യ, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, പൃഥ്വി ഷാ തുടങ്ങിയവരെല്ലാം തഴയപ്പെട്ട ഇടത്താണ് സ്റ്റാന്റ് ബൈ വിഭാഗത്തില്‍ അപ്രതീക്ഷിതമായി ഇടംപിടിച്ച് അര്‍സാന്‍ നാഗ്വാസ്വാല കളിയാരാധകരെ ഞെട്ടിച്ചത്. ശ്രദ്ധേയമായൊരു മല്‍സരത്തില്‍ ഈ യുവതാരത്തിന് ഇടംനേടിക്കൊടുത്ത യോഗ്യതയെക്കുറിച്ചാണ് ഇപ്പോള്‍ പലരുടെയും അന്വേഷണം.

ആഭ്യന്തര ക്രിക്കറ്റില്‍ മികവുതെളിയിച്ച, ഇരുപത്തിമൂന്നു വയസ് മാത്രം പ്രായമുള്ളൊരു ഗുജറാത്തുകാരനാണ് അര്‍സാന്‍ റോഹിങ്ടന്‍ നാഗ്വാസ്വാല. കുറച്ചുകാലമായി ആഭ്യന്തര ക്രിക്കറ്റില്‍ മികവു കാട്ടുന്ന ഇടംകയ്യന്‍ പേസ് ബോളര്‍. വെറും 16 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 62 വിക്കറ്റുകളാണ് അര്‍സാന്റെ സമ്പാദ്യം. 20 ലിസ്റ്റ് എ മത്സരങ്ങളില്‍നിന്ന് 39 വിക്കറ്റുകളും 15 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റുകളും അര്‍സാന്റെ പേരിലുണ്ട്.

പന്ത് ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാന്‍ കഴിയുമെന്നതാണ് അര്‍സാന്റെ ഏറ്റവും വലിയ മികവ്. കൃത്യമായ ലൈനിനും ലെങ്തിലും ദീര്‍ഘനേരം ബോള്‍ ചെയ്യാനും സാധിക്കും. ഇംഗ്ലണ്ടിലെ പേസ് ബോളിങ്ങിന് അനുകൂലമായ സാഹചര്യങ്ങളും ഇംഗ്ലണ്ട് നിരയിലെ ഇടംകയ്യന്‍ പേസര്‍മാരുടെ ആധിക്യവും പരിഗണിക്കുമ്പോള്‍, നെറ്റ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സഹായിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് അര്‍സാനെ ആദ്യമായി ടീമിലേക്ക് വിളിച്ചത്. കാല്‍മുട്ടിനു പരുക്കേറ്റ ടി നടരാജന്‍ വിശ്രമത്തിലായതും അര്‍സാന്റെ തിരഞ്ഞെടുപ്പിന് കാരണമായി.

1997 ഒക്ടോബര്‍ 17ന് ഗുജറാത്തില്‍ ജനിച്ച അര്‍സാന്, ഇനിയും 24 വയസ്സ് പൂര്‍ത്തിയായിട്ടില്ല. അണ്ടര്‍ 16, 19, 23 വിഭാഗങ്ങളില്‍ ഗുജറാത്തിനായി കളിച്ചാണ് വളര്‍ന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മികവു കാട്ടിയെങ്കിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല. 2018ല്‍ ഗുജറാത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയ അര്‍സാന്‍, 1995നുശേഷം രഞ്ജി ട്രോഫിയില്‍ കളിക്കുന്ന ആദ്യ പാഴ്‌സി വിഭാഗക്കാരനാണ്. 2018 നവംബര്‍ ഒന്നിന് ബറോഡയ്‌ക്കെതിരെ വഡോദരയിലായിരുന്നു അര്‍സാന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം. ആദ്യ മത്സരത്തില്‍ ലഭിച്ചത് ഒരേയൊരു വിക്കറ്റ് മാത്രം.

എന്നാല്‍, മൂന്നാമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തോടെയാണ് അര്‍സാന്‍ ക്രിക്കറ്റ് വൃത്തങ്ങളില്‍ ശ്രദ്ധേയനാകുന്നത്. മൂന്നാം മത്സരത്തില്‍ കരുത്തരായ മുംബൈയ്‌ക്കെതിരെ മുംബൈയില്‍വച്ച് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. അന്ന് മുംബൈ നിരയിലെ കരുത്തരായ സൂര്യകുമാര്‍ യാദവ്, അര്‍മാന്‍ ജാഫര്‍, സിദ്ധേഷ് ലാഡ്, ആദിത്യ താരെ തുടങ്ങിയവരെയാണ് അര്‍സാന്‍ പുറത്താക്കിയത്. ആകെ 23.3 ഓവറില്‍ 78 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് പിഴുതത്. മത്സരത്തില്‍ ഗുജറാത്ത് ഒന്‍പത് വിക്കറ്റ് വിജയവും നേടി.

രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ സീസണില്‍ എട്ടു മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റുകളാണ് അര്‍സാന്‍ പിഴുതത്. 90 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതായിരുന്നു മികച്ച ബോളിങ് പ്രകടനം. തൊട്ടടുത്ത സീസണില്‍ അര്‍സാന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. ആ സീസണില്‍ ഗുജറാത്തിന്റെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായി. കോവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ സീസണില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ശ്രദ്ധേയ പ്രകടനമായിരുന്നു അര്‍സാന്റേത്.
ALSO WATCH

Most Popular