Tuesday, May 18, 2021
Home News National ഉവൈസിയെ എൻഡിഎയുടെ ബി ടീമെന്നു പറഞ്ഞു മഹാസഖ്യം വിമർശിക്കുന്നതിൽ കാമ്പില്ല: എന്‍.എസ് മാധവന്‍

ഉവൈസിയെ എൻഡിഎയുടെ ബി ടീമെന്നു പറഞ്ഞു മഹാസഖ്യം വിമർശിക്കുന്നതിൽ കാമ്പില്ല: എന്‍.എസ് മാധവന്‍

ഉവൈസി വോട്ട് ഭിന്നിപ്പിച്ചതുകൊണ്ട് ബിഹാറില്‍ എന്‍.ഡി.എ എവിടെയും ജയിച്ചതായി കണക്കുകള്‍ കാണിക്കുന്നില്ലെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മലയാള മനോരമ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് എന്‍.എസ് മാധവന്റെ നിരീക്ഷണം. ഉവൈസിയെ, എന്‍ഡിഎയുടെ ബി ടീമെന്നു പറഞ്ഞു മഹാസഖ്യം വിമര്‍ശിക്കുന്നതില്‍ കാമ്പില്ലെന്നും അദ്ദേഹം വോട്ട് ഭിന്നിപ്പിച്ചതുകൊണ്ട് എന്‍ഡിഎ എവിടെയും ജയിച്ചതായി കണക്കുകള്‍ കാണിക്കുന്നില്ല. ഒരുപക്ഷേ അദ്ദേഹം, ഉത്തരേന്ത്യയിലെ ഭാവിയിലെ മുസ്ലിം രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായിരിക്കുമെന്നാണ് എന്‍.എസ് മാധവന്‍ ചൂണ്ടിക്കാട്ടുന്നു.

ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ ഗതി മാറ്റിയതില്‍ വലിയ പങ്കു വഹിച്ച രണ്ടു പേരാണ് സിപിഐ(എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയും എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയും. ഭോജ്പുര്‍ – മധ്യ ബിഹാര്‍ മേഖലകളില്‍ നിതീഷിന്റെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്തിയത് സിപിഐ (എംഎല്‍) ആണെങ്കില്‍, സീമാഞ്ചല്‍ മേഖലയില്‍ മഹാസഖ്യത്തിന് അനുകൂലമായിരുന്ന കളിനിയമം മാറ്റിയെഴുതിയത് ഉവൈസി ആണെന്നും നിതീഷ്‌കുമാറിന്റെ ജെഡിയുവിനു നാടകീയമായ രീതിയില്‍ സീറ്റുകള്‍ കുറഞ്ഞതിലും വിരലിലെണ്ണാവുന്ന സീറ്റുകളുടെ കുറവില്‍ തേജസ്വി യാദവിനു മുഖ്യമന്ത്രിപദം നഷ്ടപ്പെട്ടതിലും ഇവര്‍ക്കുള്ള പങ്കു വലുതാണെന്നും എന്‍.എസ് മാധവന്‍ ചൂണ്ടിക്കാട്ടുന്നു.

ബിഹാറിന്റെ അതിര്‍ത്തിയിലുള്ള, മുസ്ലിം ബാഹുല്യമുള്ള സീമാഞ്ചല്‍ എപ്പോഴും കോണ്‍ഗ്രസിനെയും ആര്‍ജെഡിയെയും തുണച്ചിരുന്നു. ഇത്തവണ ഉവൈസിയുടെ എഐഎംഐഎം അവിടത്തെ കളിനിയമങ്ങള്‍ മാറ്റി. സീമാഞ്ചലില്‍നിന്നു പതിവുപോലെ സീറ്റുകള്‍ കിട്ടിയിരുന്നെങ്കില്‍ മഹാസഖ്യത്തിനു നിശ്ചയമായും ഭൂരിപക്ഷത്തിലെത്താമായിരുന്നു. ഇതിനു മുന്‍പ് ഉവൈസിയുടെ പാര്‍ട്ടി രണ്ടു തവണ ബിഹാറില്‍നിന്നു മത്സരിച്ച് ദയനീയമായി പരാജയപ്പെടുകയുണ്ടായി. മുസ്ലിംകളുടെ അരക്ഷിതാവസ്ഥ മനസ്സിലാക്കി ഉവൈസി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇത്തവണ സ്ഥിതി മാറിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബംഗ്ലദേശില്‍നിന്നുള്ള ‘നുഴഞ്ഞുകയറ്റക്കാരെ’ പുറത്താക്കുന്നതിനെപ്പറ്റി സംസാരിച്ചപ്പോഴും സീമാഞ്ചലിലെ വോട്ടെടുപ്പിനു തലേന്ന്, അമിത് ഷാ തൊട്ടയല്‍പക്കത്തെ ബംഗാളില്‍നിന്ന് അതേ വിഷയത്തെപ്പറ്റി പ്രസംഗിച്ചപ്പോഴും പ്രതികരിച്ചത് ഉവൈസി മാത്രമാണെന്നും ലേഖനത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നു.

ലാലുപ്രസാദിന്റെ ദുര്‍ഭരണം ഓര്‍മിക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ ചിത്രം പോസ്റ്ററുകളില്‍നിന്നു മാറ്റിയ തേജസ്വി, കൂട്ടത്തില്‍ കൈവിട്ടുകളഞ്ഞത് പെട്ടെന്നു ജനവികാരം മനസ്സിലാക്കി അതിനോടു പ്രതികരിക്കുന്ന ലാലുവിന്റെ രാഷ്ട്രീയമനസ്സു കൂടിയായിരുന്നു. ഒരുപക്ഷേ, ലാലുവിന്റെ സാന്നിധ്യമായിരുന്നിരിക്കണം ഉവൈസിയുടെ ആദ്യ ശ്രമങ്ങളെ പരാജയപ്പെടുത്തിയത്.

അതേസമയം കോണ്‍ഗ്രസിനെതിരെ നിലപാട് കടുപ്പിച്ച് ഉവൈസി. പൗരത്വ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിനും ആര്‍.ജെ.ഡിക്കുമുള്ള ഭയം എ.ഐ.എം.ഐ.എമ്മിന് ഇല്ലെന്ന് അസദുദ്ദിന്‍ ഉവൈസി വ്യക്തമാക്കി. പൗരത്വ ഭേദഗതിയെക്കുറിച്ച് എന്തെങ്കിലും സംസാരിച്ചാല്‍ അത് ബി.ജെ.പിക്ക് അനുകൂലമാകുമോ എന്ന പേടി ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിന് ഉണ്ടെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു സമ്മര്‍ദ്ദവും തങ്ങളുടെ പാര്‍ട്ടിക്കില്ലെന്നും ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

Most Popular