ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയും സഖ്യത്തില്‍ മല്‍സരിക്കും. ഉവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) ആകെയുള്ള 234 മണ്ഡലങ്ങളില്‍ മൂന്നിടങ്ങളില്‍ മത്സരിക്കും. വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മൂന്ന് സീറ്റുകളിലാണ് ഉവൈസിയുടെ പാര്‍ട്ടി മത്സരിക്കുക.
തമിഴ്നാട്ടില്‍ പാര്‍ട്ടി മത്സരിക്കുമെന്ന് ഉവൈസി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും സഖ്യം സംബന്ധിച്ച ഇപ്പോഴാണ് സ്ഥിരീകരണമായത്. നേരത്തെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരാന്‍ എഐഎംഐഎം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെയും മനിതനേയ മക്കള്‍ കക്ഷിയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് നടക്കാതെ പോയത്. കേരളത്തിനൊപ്പം തമിഴ്നാട്ടിലും ഏപ്രില്‍ ആറിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്.