Sunday, July 25, 2021
Home News National ആറാമതും പെണ്‍കുഞ്ഞെന്ന് കരുതി ഭാര്യയുടെ വയര്‍ അരിവാള്‍ കൊണ്ട് പിളര്‍ന്നു; ഗര്‍ഭസ്ഥ ശിശു മരിച്ചു

ആറാമതും പെണ്‍കുഞ്ഞെന്ന് കരുതി ഭാര്യയുടെ വയര്‍ അരിവാള്‍ കൊണ്ട് പിളര്‍ന്നു; ഗര്‍ഭസ്ഥ ശിശു മരിച്ചു

ലഖ്‌നോ: ഭാര്യ ആറാമതും ജന്മം നല്‍കാനിരിക്കുന്നത് പെണ്‍കുഞ്ഞെിനെയെന്നു കരുതി ഭര്‍ത്താവ് ഭാര്യയുടെ വയര്‍ അരിവാള്‍ കൊണ്ട് പിളര്‍ന്നു. ഇതേ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു കൊല്ലപ്പെട്ടു. ഭാര്യ അനിത ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ശനിയാഴ്ചയായിരുന്നു ദാരുണമായ സംഭവം. കൊല്ലപ്പെട്ട ഗര്‍ഭസ്ഥ ശിശു ആണ്‍കുഞ്ഞായിരുന്നു.

അനിതാ ദേവിക്കും പന്നാലാലിനും ജനിച്ച് ആദ്യത്തെ അഞ്ച് കുട്ടികളും പെണ്‍കുഞ്ഞുങ്ങളായിരുന്നു. ആറാമത് ജനിക്കാനിരിക്കുന്നത് പെണ്‍കുഞ്ഞാണെന്ന ഗ്രാമത്തിലെ പൂജാരിയുടെ വാക്ക് വിശ്വസിച്ച് മദ്യപിച്ചെത്തിയ പന്നാലാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനിതാ ദേവി സമ്മതിച്ചില്ല. തുടര്‍ന്ന് നടന്ന വാക്കേറ്റത്തിനൊടുവിലാണ് അരിവാള്‍ കൊണ്ട് വയറ്റത്ത് കുത്തിയത്. ഭാര്യയുടെ ഉദരത്തില്‍ വളരുന്നത് ആണ്‍കുഞ്ഞാണെന്ന് അറിയാതെയായിരുന്നു പന്നാലാലിന്റെ ആക്രമണം.

അയല്‍വാസികളാണ് അനിതാ ദേവിയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അനിതാ ദേവിയുടെ ജീവന്‍ രക്ഷിക്കാനായെങ്കിലും ഐസിയുവില്‍ തുടരുകയാണ്. ഗര്‍ഭപാത്രത്തിനു ഗുരുതരമായി പരുക്കേറ്റതിനാല്‍ വീണ്ടും ഗര്‍ഭം ധരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അറസ്റ്റിലായ പന്നാലാലിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലടച്ചു.

Most Popular