അ​യോ​ധ്യ വി​മാ​ന​ത്താ​വ​ള​ത്തി​ന് ഇനി ശ്രീ​രാ​മ​ന്‍റെ പേ​ര്

ലക്‌നോ: ഉത്തര്‍പ്രദേശിലെ അയോധ്യ വിമാനത്താവളം ഇനി മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട്. വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ തീരുമാനം ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകരിച്ചു. പേരുമാറ്റം അംഗീകരിച്ച സംസ്ഥാന മന്ത്രിസഭ പ്രമേയം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന് കൈമാറും.

അയോധ്യയില്‍ രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഈ വിമാനത്താവളം ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ വിമാനത്താവളം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ഡിസംബറില്‍ വിമാനത്താവള ജോലികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അയോധ്യയിലേക്ക് എത്താനുള്ള വിശ്വാസികളുടെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോഴേക്കും അയോധ്യയെ ലോകത്തിലെ വലിയ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റുകയാണ് യു.പി സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് വിമാനത്താവളവും നിര്‍മ്മിക്കുന്നത്.

അന്താരാഷ്ട്ര നിലവാരത്തില്‍ പണി കഴിപ്പിക്കുന്ന വിമാനത്താവളമാണ് അയോധ്യയിലേത്. 300 കോടി രൂപ വിമാനത്താവള നിര്‍മാണത്തിനായി ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമെ 525 കോടി രൂപ കൂടി യോഗി സര്‍ക്കാര്‍ അനുവദിച്ചു. നേരത്തെ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് ‘അയോധ്യ’ എന്നാക്കി മാറ്റിയിരുന്നു.