Tuesday, August 3, 2021
Home News National പോലിസ് വലയം ഭേദിച്ച് ചന്ദ്രശേഖര്‍ ആസാദ് ഹഥ്‌റസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി; സൂപ്രിം കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍...

പോലിസ് വലയം ഭേദിച്ച് ചന്ദ്രശേഖര്‍ ആസാദ് ഹഥ്‌റസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി; സൂപ്രിം കോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം

ന്യൂഡല്‍ഹി: പോലിസ് വലയം ഭേദിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്ന് ഹഥ്‌റസ് പെണ്‍കുട്ടിയുടെ വീട്ടിലത്തി. വിഷയത്തില്‍ ഹാഥ്‌റസില്‍ പ്രതിഷേധം തുടരുകയാണ്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാനെത്തിയ ആര്‍എല്‍ഡി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഇന്ന് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പലയിടത്തും തടഞ്ഞെങ്കിലും പോലിസ് വലയം ഭേദിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഫൂല്‍ഗഡി ഗ്രാമത്തിലെത്തി. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട ആസാദ്, എസ്‌ഐടി, സിബിഐ അന്വേഷണങ്ങളല്ല സുപ്രീംകോടതി മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ വിരട്ടാനാണ് സിബിഐയെ ഇപ്പോള്‍ കേന്ദ്രം ഉപയോഗിക്കുന്നത്. അതിന്റെ താക്കോല്‍ ആരുടെ കയ്യിലാണെന്ന് എല്ലാവര്‍ക്കും അറിയാം. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, പോലിസ് ദഹിപ്പിച്ചത് മകളുടെ ശരീരമാണെന്ന് കരുതുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. ഡിഎന്‍എ പരിശോധന വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. യുപി സര്‍ക്കാര്‍ നിയോഗിച്ച എസ്‌ഐടി സംഘം ഇന്നും പെണ്‍കുട്ടിയുടെ വീട്ടിലെത്തി പരാതികള്‍ കേട്ടു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ എന്തിന് എസ്‌ഐടി അന്വേഷണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ചോദിച്ചു. ഹഥ്‌റസിലേക്ക് പോകുന്നതിനിടെ ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ പ്രിയങ്ക ഗാന്ധിയെ പിടിച്ചുവലിക്കാന്‍ ശ്രമിച്ചിരുന്നു. നോയിഡ പോലിസ് ഈ സംഭവത്തില്‍ മാപ്പുപറഞ്ഞു. ഇതിനിടെ കേസിലെ പ്രതികളെ ന്യായീകരിച്ച് ഹഥ്‌റസിലെ ഠാക്കൂര്‍ സമുദായാംഗങ്ങള്‍ പ്രതിഷേധ ധര്‍ണ നടത്തി.

എന്നാല്‍, വിഷയത്തില്‍ പരക്കുന്നത് കള്ളക്കഥയാണെന്ന് മുന്‍ ഹഥ്‌റസ് എംഎല്‍എയും ബിജെപി നേതാവുമായ രാജീവ് സിംഗ് പഹല്‍വാന്‍ ആരോപിച്ചു. ചാനലുകള്‍ പറയുന്നത് കള്ളമാണ്. ആരും പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതിന് തെളിവുണ്ടെന്ന് കുട്ടിയെ ചികിത്സിച്ച അലിഗഡ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കൂട്ടബലാല്‍സംഗം നടന്നിട്ടുണ്ടോ എന്നതിന് കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Most Popular