Sunday, April 11, 2021
Home News National ബാബരി മസ്ജിദ് തകർത്ത സംഭവം: ഗൂഢാലോചനക്ക് തെളിവില്ലെന്ന്; അഡ്വാനി ഉൾപ്പെടെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

ബാബരി മസ്ജിദ് തകർത്ത സംഭവം: ഗൂഢാലോചനക്ക് തെളിവില്ലെന്ന്; അഡ്വാനി ഉൾപ്പെടെ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവം ആസൂത്രിതമല്ലെന്നും ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ഉത്തർപ്രദേശിലെ പ്രത്യേക സിബിഐ കോടതി. എൽ കെ അഡ്വാനി ഉൾപ്പെടെ 32 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.

സി ബി ഐ കോടതി ജഡ്ജി സുരേന്ദ്രകുമാറാണ് 2000 പേജ് വരുന്ന വിധിപ്രസ്താവം വായിച്ചത്. 28 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ കേസിൽ വിചാരണ കോടതി വിധി പ്രസ്താവിച്ചത്. ഇന്ത്യൻ മതേതരത്വത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണീ വിധി.

പള്ളി തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹികവിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അഡ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി നിരീക്ഷിച്ചു. പള്ളി പൊളിച്ചതിന് തെളിവായി നൽകിയ ദൃശ്യങ്ങളും കോടതി തള്ളി. ദൃശ്യങ്ങളുടെ നെഗറ്റീവ് ഹാജാരാക്കാൻ സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. കേസ് തെളിയിക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു.

ഡിസംബർ ആറിന് അപ്രതീക്ഷിത സംഭവങ്ങൾ നടക്കുമെന്ന് പ്രാദേശിക രഹസ്യാന്വേഷണ റിപ്പോർട്ട് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇത് ശ്രദ്ധിക്കാതെ പോയതായി കോടതി പറഞ്ഞു. അഡ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്നും ജഡ്ജി ജറഞ്ഞു.

കേസിലെ 32 പ്രതികളിൽ 26 പേരും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. എൽ കെ അഡ്വാനി, എം എം ജോഷി, ഉമാ ഭാരതി എന്നിവർ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഹാജരായത്. നൃത്യ ഗോപാൽ ദാസ്, കല്യാൺ സിംഗ്, സതീഷ് പ്രധാൻ എന്നിവർ ഹാജരായിട്ടില്ല. കോടതിയിലും പരിസരത്തും അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. വിധിയെ തുടർന്ന് അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

പള്ളി തകര്‍ത്ത കേസിലെ പ്രധാന പ്രതികള്‍
എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിങ്, കെ ഗോവിന്ദാചാര്യ, സാധ്വി ഋതംബര, വിഷ്ണുഹരി ഡാല്‍മിയ, വിനയ് കത്യാര്‍, ചമ്പത്ത് റായ് ബന്‍സല്‍, സതീഷ് പ്രഥാന്‍, സതീഷ് ചന്ദ്ര സാഗര്‍, ബാല്‍ താക്കറെ, അശോക് സിംഗാള്‍, പരംഹംസ് റാം ചന്ദ്ര ദാസ്, മോറേശ്വര്‍ സാവെ, ആര്‍ വി വേദാന്തി, ജഗ്ദീഷ് മുനി മഹാരാജ്, ബി എല്‍ ശര്‍മ, നൃത്യ ഗോപാല്‍ ദാസ്, ധരം ദാസ്, സതീഷ് നഗര്‍.

കേസില്‍ 47 എഫ്‌ഐആറുകള്‍
ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് 47 എഫ്‌ഐആറുകളാണ് ഉള്ളത്. ഇതില്‍ അജ്ഞാതരായ കര്‍സേവകര്‍ക്കെതിരെയാണ് ആദ്യ എഫ്‌ഐആര്‍. അദ്വാനിക്കും മറ്റുമെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുള്ളതാണ് രണ്ടാമത്തെ പ്രഥമവിവര റിപ്പോര്‍ട്ട്. 351 സാക്ഷികളും 600ല്‍പരം തെളിവുരേഖകളുമുണ്ട്. ആകെ 48 പ്രതികള്‍ ഉണ്ടായിരുന്നെങ്കിലും, ഏറെ വൈകിയ കോടതി നടപടികള്‍ക്കിടയില്‍ 16 പേര്‍ മരിച്ചു.

ബാബരി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതി വിചാരണ പൂര്‍ത്തിയാക്കി സപ്തംബര്‍ 30നകം വിധി പ്രസ്താവിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

1992 ഡിസംബർ ആറിനാണ് ബാബരി മസ്ജിദ് തകർക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് അന്ന് രജിസ്റ്റർ ചെയ്തത്. ബിജെപി നേതാക്കൾക്കെതിരെയുള്ള ഗൂഢാലോചന കേസും മസ്ജിദ് തകർത്തിന് കർസേവകർക്കതിരെയുള്ള മറ്റൊരു കേസുമായിരുന്നു ഇത്. ഈ കേസ് പിന്നീട് സിബിഐക്ക് കൈമാറി. തുടർന്ന് സുപ്രീം കോടതി രണ്ടും ഒരുമിച്ച് ചേർത്ത് വാദം കേൾക്കാൻ വിധിച്ചു.

2017 ഏപ്രിലിലാണ് മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് എന്നിവർക്കെതിരെയുള്ള ഗുഢാലോചനാ കേസും മസ്ജിദ് തകർത്തതിനുള്ള കേസും ഒരുമിച്ച് വാദം കേൾക്കണമെന്നും രണ്ട് വർഷത്തിനുള്ളിൽ വാദം കേട്ട് വിധി പ്രസ്താവിക്കണമെന്നും ലക്നൗവിലെ സിബിഐ കോടതിക്ക് സുപ്രീം കോടതി നിർദേശം നൽകിയത്. അലഹാബാദ് ഹൈക്കോടതി ബിജെപി നേതാക്കൾക്കെതിരെയുള്ള ഗുഢാലോചന കുറ്റം ഒഴിവാക്കിയത് സുപ്രീം കോടതി പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസുമാരായ ആർ എഫ് നരിമാൻ, പി സി ഗൊസെ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഗൂഢാലോചനാ കുറ്റം പുനഃസ്ഥാപിച്ചത്. കേസിൽ പ്രതിദിന വാദം കേൾക്കണമെന്നും ജഡ്ജിയെ മാറ്റരുതെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. പിന്നീട് 2019ൽ ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് കേസുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ച് ഒമ്പത് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണമെന്നും നിർദേശിച്ചു. കേസിലെ വാദം കേൾക്കുന്ന ജഡ്ജിക്ക് വിരമിക്കുന്നതിനുള്ള സമയം നീട്ടി നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഐപിസി 147, 153-എ, 153-ബി, 295, 295-എ, 505 149, 120 ബി എന്നിവയാണ് പ്രതികൾക്കതിരെ ചുമത്തിയിരുന്നത്. തുടർച്ചയായി വാദം കേട്ടാണ് കേസ് ഒടുവിൽ വിധി പറഞ്ഞത്. ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അധ്യമായിട്ടാണ് ബാബരി മസ്ജിദിന്റെ തകർച്ച മാധ്യമങ്ങൾ വിശേഷിപ്പിച്ചിരുന്നത്. അതേസമയം, ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി സംബന്ധിച്ച കേസിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. പള്ളി നിന്നിരുന്ന സ്ഥലം രാമക്ഷേത്രം നിർമിക്കുന്നതിനും മുസ്‌ലിംങ്ങൾക്ക് പള്ളി നിർമിക്കാൻ അയോധ്യയിൽ മറ്റൊരിടത്ത് അഞ്ച് ഏക്കർ ഭൂമി നൽകാനുമായിരുന്നു വിധി.

Most Popular