Wednesday, August 4, 2021
Home News National ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം 30ന് വിധി പറയും; മുതിര്‍ന്ന ബിജെപി നേതാക്കള്‍...

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഈ മാസം 30ന് വിധി പറയും; മുതിര്‍ന്ന ബിജെപി നേതാക്കള്‍ പ്രതികള്‍

ന്യൂഡല്‍ഹി: ആര്‍എസ്എസ് നേതൃത്വത്തില്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സപ്തംബര്‍ 30ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍.

ലഖ്‌നോവിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുക. എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരുള്‍പ്പെടെയുള്ള 32 പ്രതികളും അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന് ജസ്റ്റിസ് എസ് കെ യാദവ് അധ്യക്ഷനായ ഉത്തരവിട്ടു.

1992 ലാണ് അയോധ്യയിലെ ബാബരി മസ്ജിദ് കര്‍സേവര്‍ തകര്‍ത്തത്. രാജ്യത്ത് വന്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിക്കാന്‍ പോകുന്നത്.

കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട 32 പേരുടേയും മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു കോടതി ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നത്. സപ്തംബര്‍ 30 നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Most Popular