ന്യൂഡല്‍ഹി: ബംഗളൂരുവില്‍നിന്ന് ജയ്പൂരിലേക്കു പറന്ന ഇന്‍ഡിഗോ വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം. വിമാനം പാതിവഴിയിലെത്തിയപ്പോഴാണ് പ്രസവ വേദന തുടങ്ങിയത്. യാത്രക്കാരുടെ കൂട്ടത്തില്‍ ഒരു വനിതാ ഡോക്ടര്‍ ഉണ്ടായിരുന്നത് കാര്യങ്ങള്‍ എളുപ്പത്തിലാക്കി. വിമാനത്തിലെ ജീവനക്കാരും സഹായത്തിനെത്തി. അത്യാവശ്യ ഘട്ടത്തില്‍ തുണയായി മാറിയ ഡോ. സുബ്ഹാന നാസിറിന് ഇന്‍ഡിഗോ നന്ദി അറിയിച്ചു. പെണ്‍കുഞ്ഞും യുവതിയും സുഖമായിരിക്കുന്നുവെന്നും ഇന്‍ഡിഗോ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പ് പറയുന്നു.
പ്രസവ വേദന വന്നയുടന്‍ അടിയന്തര സേവനം നല്‍കാനുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നതിന് ജയ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, വിമാനം ലക്ഷ്യത്തിലെത്തും മുമ്പ് തന്നെ സുഖകരമായി പ്രസവം പൂര്‍ത്തിയാക്കി. ബംഗളൂരുവില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 5.45ന് പുറപ്പെട്ട വിമാനം രാവിലെ എട്ടുമണിയോടെയാണ് ജയ്പൂരില്‍ ഇറങ്ങിയത്.