ബി ആര്‍ ഷെട്ടിക്ക് കുരുക്ക് മുറുകുന്നു; മുഴുവന്‍ അക്കൗണ്ടുകളും മരവിപ്പിക്കും

nmc chairman br shetty
ബി ആര്‍ ഷെട്ടി

ദുബയ്: എന്‍എംസി ഹെല്‍ത്ത് കെയര്‍ സ്ഥാപകനും പ്രവാസി വ്യവവസായിയുമായി ഡോ ബി ആര്‍ ഷെട്ടിക്ക് കുരുക്ക് മുറുകുന്നു. ഷെട്ടിക്ക് നിക്ഷേപമുള്ള മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കി മരവിപ്പിക്കാന്‍ യുഎഇ സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി. ഗള്‍ഫ് ന്യൂസാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

ഷെട്ടിയുമായി ബന്ധമുള്ള നിരവധി കമ്പനികളെ യുഎഇ സെന്‍ട്രല്‍ ബാങ്ക് കരിമ്പട്ടികയില്‍പ്പെടുത്തി. കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഷെട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരിലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാനും നിക്ഷേപങ്ങളടക്കം മരവിപ്പിക്കാനും നിര്‍ദേശമുള്ളത്.

ഷെട്ടിയുടെ പേരിലുള്ള അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറുന്നതും നിക്ഷേപിക്കുന്നതും തടയണമെന്നും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി.

യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്നായി ലാഭക്കണക്ക് പെരുപ്പിച്ച് കാട്ടി എന്‍എംസി 800 കോടി ദിര്‍ഹം വായ്പ്പയെടുത്തതായാണ് വിവരം. എന്‍എംസിക്ക് ഏറ്റവും കൂടുതല്‍ വായ്പകള്‍ നല്‍കിയ അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് എന്‍എംസിയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഏകദേശം 981 മില്യണ്‍ ഡോളറിന്റെ ബാധ്യതയാണ് എന്‍എംസിക്ക് എഡിസിബിയില്‍ ഉള്ളത്.

അബൂദബി ഇസ്ലാമിക് ബാങ്ക്, ദുബയ് ഇസ്ലാമിക് ബാങ്ക്, ബെര്‍ക്ലെയ്സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് എന്നീ ബാങ്കുകളില്‍ നിന്നും എന്‍എംസിക്ക് വായ്പകള്‍ സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഒമാന്‍ ആസ്ഥാനമായ ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എന്‍എംസിക്ക് ബാധ്യതകളുണ്ട്. എണ്‍പതോളം തദ്ദേശീയ, പ്രാദേശിക, അന്തര്‍ദേശീയ ധനകാര്യ സ്ഥാപനങ്ങളിലായി 6.6 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക ബാധ്യത എന്‍എംസിക്ക് ഉണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വിവരം.

തട്ടിപ്പ് വിവരം പുറത്തായതോടെ ബി ആര്‍ ഷെട്ടി ഇന്ത്യയിലേക്ക് മുങ്ങിയിരുന്നു. സംഘപരിവാരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഉടമ കൂടിയായ ബി ആര്‍ ഷെട്ടി.

English News summery:
The Central Bank of the UAE (CBUAE) has instructed financial institutions in the country to search and freeze all bank accounts of Indian billionaire BR Shetty and his family along with those of companies where he has a stake.