Thursday, September 23, 2021
Home Special Health Scan ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിന്‍ സ്വാതന്ത്ര്യ ദിനത്തില്‍ വിപണിയില്‍ എത്തിയേക്കും

ഇന്ത്യയുടെ സ്വന്തം കൊവിഡ് വാക്‌സിന്‍ സ്വാതന്ത്ര്യ ദിനത്തില്‍ വിപണിയില്‍ എത്തിയേക്കും

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ആഗസ്ത് 15ന് വിപണിയില്‍ എത്തിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മുന്നോട്ട്. ഇതിനായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്ന മരുന്ന് കമ്പനിയുമായി ഐസിഎംആര്‍. ധാരണയിലെത്തി. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപോര്‍ട്ട്.

എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ശേഷം ആഗസ്ത് 15ഓടെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള കഠിനശ്രമത്തിലാണ് തങ്ങളെന്ന് ബല്‍റാം ഭാര്‍ഗവ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ പരീക്ഷണങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും വാക്‌സിന്റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനാണ് ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റേത്. വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ അനുമതി നല്‍കിയത്.

ഐസിഎംആറിന്റെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്‌സിന് കോവാക്‌സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ആഗസ്ത് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

Most Popular