Saturday, July 24, 2021
Home News National ബിഹാറിലെ ഭരണ സഖ്യത്തില്‍ തല്ല് തുടരുന്നു; അനുനയിപ്പിക്കാന്‍ എല്‍ജെപിക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാനൊരുങ്ങി ബിജെപി

ബിഹാറിലെ ഭരണ സഖ്യത്തില്‍ തല്ല് തുടരുന്നു; അനുനയിപ്പിക്കാന്‍ എല്‍ജെപിക്ക് കൂടുതല്‍ സീറ്റുകള്‍ വിട്ടുനല്‍കാനൊരുങ്ങി ബിജെപി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണ സഖ്യത്തിലെ സീറ്റ് വിഭജന തര്‍ക്കം തുടരുന്നു. അതിനിടെ ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലും മത്സരിക്കാന്‍ ധാരണ. ജിതന്റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്കുള്ള സീറ്റുകള്‍ ജെഡിയുവും രാംവിലാസ് പാസ്വാന്റെ എല്‍ജെപിക്കുള്ള സീറ്റുകള്‍ ബിജെപിയും നല്‍കാനും ധാരണയായി. പ്രഖ്യാപനം ഉടനുണ്ടായേക്കും. ഇടഞ്ഞ് നില്‍ക്കുന്ന എല്‍ജെപിയെ അനുനയിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ബിജെപി. സമവായമുണ്ടായില്ലെങ്കില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിച്ചേക്കും.

സീറ്റ് വിഭജനകാര്യത്തില്‍ എന്‍ഡിഎയിലെപ്രധാന കക്ഷികള്‍ തമ്മില്‍ സമവായമുണ്ടായെങ്കിലും ചെറുകക്ഷികളുടെ പ്രതികരണം എന്താണെന്ന് വ്യക്തമല്ല. എല്‍ജെപിയുമായി സീറ്റ് ധാരണയില്‍ എത്തുന്നത് എളുപ്പമാകില്ലെന്നാണ് വിവരം. 2015ല്‍ എല്‍ജെപി 40 സീറ്റുകളിലായിരുന്നു മത്സരിച്ചത്. ഇത്തവണ 42 സീറ്റുകള്‍ വേണമെന്നതാണ് ആവശ്യം. ജെഡിയു ചില സീറ്റുകള്‍ വിട്ട് നല്‍കിയാല്‍ എല്‍ജെപിയെ അനുനയിപ്പിക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടല്‍.

എന്നാല്‍, 120ല്‍ താഴെ സീറ്റുകളില്‍ മത്സരിക്കില്ലെന്ന കടുംപിടുത്തം ജെഡിയു തുടരുകയായിരുന്നു. ഇതോടെയാണ് പരാജയം മണത്ത ബിജെപി തങ്ങളുടെ സീറ്റുകള്‍ വിട്ടുകൊടുത്ത് എല്‍ജെപിയെ അനുനയിപ്പിക്കാന്‍ ബിജെപി രംഗത്തിറങ്ങിയത്. 25 മുതല്‍ 30 വരെ സീറ്റുകള്‍ നല്‍കി എല്‍ജെപിയെ അനുനയിപ്പിക്കാനാണ് ബിജെപിയുടെ ശ്രമം. ചിരാഗ് പാസ്വാനുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചര്‍ച്ച നടത്തിയേക്കും. ഇതില്‍ സമവായം ഉണ്ടായാല്‍ സീറ്റ് ധാരണയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും. സമവായമുണ്ടായില്ലെങ്കില്‍ എല്‍ജെപി ഒറ്റയ്ക്ക് മത്സരിക്കും. ഒറ്റയ്ക്ക് മല്‍സരിക്കുകയാണെങ്കില്‍ ജെഡിയുവിന്റെ സീറ്റുകളായിരിക്കും എല്‍ജെപി പ്രധാനമായും ലക്ഷ്യമിടുക.

അതേ സമയം, എല്‍ജെപിയെ ഉപയോഗിച്ച് ഏറ്റവും വലിയ ഒറ്റ കക്ഷിയാകാനുള്ള ജെഡിയുവിന്റെ സാധ്യത ഇല്ലാതാക്കുകയും അതുവഴി മുഖ്യമന്ത്രി സ്ഥാനം നേടുകയും ചെയ്യാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിന് പിന്നിലുള്ളതെന്ന വിലയിരുത്തലുമുണ്ട്.

Most Popular