Thursday, January 27, 2022
HomeNewsNationalകാര്‍ഷിക നിയമം റദ്ദാക്കാനുള്ള ബില്ല് പാസാക്കി; ചര്‍ച്ചയില്ലെന്ന് കേന്ദ്രം

കാര്‍ഷിക നിയമം റദ്ദാക്കാനുള്ള ബില്ല് പാസാക്കി; ചര്‍ച്ചയില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധമായ കൃഷി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ലോക്‌സഭയില്‍ പാസാക്കി. ബില്ലില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ തള്ളി. ശബ്ദവോട്ടോടെയാണ് എതിര്‍പ്പുകള്‍ക്കിടയിലും ബില്ല് പാസാക്കിയത്. സഭ രണ്ടുമണി വരേക്കു പിരിഞ്ഞു. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് ഇന്നുതന്നെ രാജ്യസഭ പരിഗണിച്ചേക്കും. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം റദ്ദാകും. മാസങ്ങള്‍ നീണ്ട കര്‍ഷക സമരത്തിനൊടുവിലാണ് കേന്ദ്രം കീഴടങ്ങിയത്.

നിയമം റദ്ദാക്കാനുള്ള ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ ചര്‍ച്ച ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കെയാണ് 3 കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് ഗുരുനാനാക് ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

സഭയില്‍ ഇന്ധനവില വര്‍ധന, കര്‍ഷക പ്രക്ഷോഭം, ലഖിംപുര്‍ ഖേരി കൂട്ടക്കൊല എന്നിവ ഉന്നയിച്ച് സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാല്‍ കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി പുതിയ മുന്നണിക്കുള്ള ശ്രമം തൃണമൂല്‍ കോണ്‍ഗ്രസ് സജീവമാക്കി.

Most Popular