വിവാഹ പ്രായം 21 ആക്കുന്ന ബില്ല് സഭയില്‍; കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

Lok sabha

ന്യൂഡല്‍ഹി: ലോക്സഭയില്‍ അവതരിപ്പിച്ച വിവാഹപ്രായ ഏകീകരണ ബില്ലിനെതിരേ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തിനൊടുവില്‍ ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്ല് അവതരിപ്പിച്ചത്. ഇന്ത്യ മുഴുവന്‍ ഒരേ വിവാഹ നിയമമായിരിക്കുമെന്ന് ബില്ല് അവതരിപ്പിച്ച സ്മൃതി ഇറാനി പറഞ്ഞു. എല്ലാ വ്യക്തിനിയമങ്ങള്‍ക്കും മേലേയാകും വിവാഹനിയമം എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ച ശേഷം ലോക്‌സഭ ബില്ല് പിന്നീട് പരിഗണിക്കും.

വിവാഹനിയമ ബില്ലിന്റെ കരട് ഒരു മണിക്കൂര്‍ മുമ്പാണ് എംപിമാര്‍ക്ക് നല്‍കിയത്. ബില്ല് ഭരണ ഘടനാ വിരുദ്ധമാണെന്ന് മുസ്ലിം ലീഗ് എംപി ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ലോക്‌സഭയില്‍ ബില്ല് കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചത്. ബഹളത്തിനൊടുവില്‍ ലോക്‌സഭ നാളേക്ക് പിരിഞ്ഞു.

കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായപരിധി പതിനെട്ടില്‍ നിന്നും 21 ആക്കി വര്‍ധിപ്പിക്കുന്നതാണ് ബില്ലിലെ പ്രധാന നിര്‍ദേശം. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.