Tuesday, June 22, 2021
Home News National ആര്‍എല്‍പിയും എന്‍ഡിഎ വിട്ടു; ഭരണപക്ഷത്ത് നിന്ന് കര്‍ഷകര്‍ക്കു പിന്തുണയേറുന്നു

ആര്‍എല്‍പിയും എന്‍ഡിഎ വിട്ടു; ഭരണപക്ഷത്ത് നിന്ന് കര്‍ഷകര്‍ക്കു പിന്തുണയേറുന്നു

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും എന്‍ഡിഎ വിട്ടു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ വിടുന്ന രണ്ടാമത്തെ പാര്‍ട്ടിയാണ് ആര്‍എല്‍പി. പാര്‍ട്ടി അധ്യക്ഷന്‍ ഹനുമാന്‍ ബേനിവാളാണ് ആര്‍എല്‍ഡിയുടെ ഏക ലോക്‌സഭാംഗം. പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തി പഞ്ചാബില്‍ നിന്നുള്ള മുന്‍ ലോക്‌സഭാംഗം ഹരീന്ദര്‍ സിങ് ഖല്‍സ ബിജെപിയില്‍ നിന്ന് രാജിവച്ചു.

ഇതിനിടെ, കേന്ദ്രവും കര്‍ഷകരും തമ്മിലുളള ചര്‍ച്ചയ്ക്ക് വീണ്ടും വഴിയൊരുങ്ങി. സര്‍ക്കാരുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്താമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമാണെന്നും സംഘടകള്‍ വിമര്‍ശിച്ചു.

വിവാദ കാര്‍ഷിക നിയവമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനിന്ന് കേന്ദ്രവുമായി ചര്‍ച്ച തുടരണമെന്നാണ് കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. ചൊവ്വാഴ്ച 11 മണിക്ക് ചര്‍ച്ച നടത്താമെന്നാണ് സംഘടനകള്‍ അറിയിച്ചിട്ടുള്ളത്.

മൂന്ന് നിയമങ്ങളും റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. എല്ലാ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ദേശീയ കര്‍ഷക കമ്മീഷന്‍ നിര്‍ദേശിച്ച താങ്ങുവില നിയമപരമായി ഉറപ്പാക്കണം. വൈക്കോല്‍ കത്തിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമായുള്ള ശിക്ഷാ നടപടികളില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കണം. വൈദ്യുതി ഭേദഗതി ബില്ലില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലായിരിക്കണം ചര്‍ച്ചയെന്നും സംഘടനകള്‍ വ്യക്തമാക്കി.

Most Popular