ബിജെപി എംഎല്‍എയെ തെരുവില്‍ കൈകാര്യം ചെയ്ത് കര്‍ഷകര്‍; ഷര്‍ട്ട് വലിച്ചുകീറി (വീഡിയോ)

bjp mla beaten farmers

ചണ്ടീഗഡ്: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകനിയമത്തിനെതിരെ മാസങ്ങളായി തുടരുന്ന പ്രതിഷേധം ബിജെപി ജനപ്രതിനിധികള്‍ക്കു നേരെയും തിരിയുന്നു. കര്‍ഷകരുടെ ഏറ്റവും വലിയ പ്രതിഷേധം ഉയരുന്ന പഞ്ചാബില്‍ ബിജെപി എംഎല്‍എമാര്‍ക്ക് ഗ്രാമങ്ങളിലേക്കു കടന്നു ചെല്ലാന്‍ പോലും പറ്റാത്ത സ്ഥിതിയാണെന്നാണ് റിപോര്‍ട്ട്. ഇപ്പോഴിതാ ബിജെപി എംഎല്‍എയെ കര്‍ഷകര്‍ ശാരീരികമായി കൈകാര്യം ചെയ്യാനും തുടങ്ങി. അബോഹാര്‍ എംഎല്‍എ അരുണ്‍ നരാംഗിനെയാണ് കര്‍ഷകര്‍ കര്‍ഷകര്‍ വളഞ്ഞിട്ട് മര്‍ദിച്ച ശേഷം വസത്രങ്ങള്‍ വലിച്ചുകീറിയത്.

മുക്സ്താര്‍ ജില്ലയിലെ മാലൗട്ടിലായിരുന്നു സംഭവം. തന്നെ ഒരുപാട് മര്‍ദിച്ചെന്നും വസ്ത്രം വലിച്ചു കീറിയെന്നും എംഎല്‍എ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

അക്രമത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാനത്തിന്റെ സമാധാനം നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കര്‍ഷക സമരം പാടെ അവഗണിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായ രോഷം അണപൊട്ടുന്ന കാഴ്ച്ചയാണ് പലേടത്തും കാണുന്നത്.