Wednesday, June 16, 2021
Home News National ബിഹാറിലെ ഫലത്തില്‍ ആശങ്ക; കുതിരക്കച്ചവടത്തിന് തന്ത്രങ്ങളൊരുക്കി ബിജെപി

ബിഹാറിലെ ഫലത്തില്‍ ആശങ്ക; കുതിരക്കച്ചവടത്തിന് തന്ത്രങ്ങളൊരുക്കി ബിജെപി

പാറ്റ്‌ന: ബിഹാറിലെ ഫലം എതിരാവുമെന്ന ആശങ്കക്കിടയില്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള നീക്കങ്ങള്‍ നേരത്തേ തുടങ്ങി ബിജെപി. തൂക്ക് നിയമസഭയെങ്കില്‍ മറുപക്ഷത്ത് ആടിനില്‍ക്കുന്നവരെയും ചെറുപാര്‍ട്ടികളിലുള്ളവരെയും ഏത് വിധേനയും സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതേ സമയം, തൂക്കുസഭയാണെങ്കില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് മറുചേരിയും ആലോചന തുടങ്ങിയിട്ടുണ്ട്.

എന്നാല്‍, കുതിരക്കച്ചവടത്തിന് ശ്രമം നടക്കുന്നു എന്ന കോണ്‍ഗ്രസ് ആരോപണം ബിജെപി തള്ളി. ബിഹാറിലെ പ്രചാരണത്തിന്റെ തുടക്കത്തില്‍ പൊതുവേ കരുതിയിരുന്നത് നിതീഷ് കുമാറിന് തുടര്‍ച്ചയായ നാലാം ഭരണം എന്നാണ്. എന്നാല്‍, തേജസ്വി യാദവ് എന്ന യുവനേതാവ് പ്രചാരണം തുടങ്ങിയതുമുതല്‍ മുന്നേറുന്നതിന്റെ കാഴ്ചകള്‍ പുറത്തുവന്നതോടെ സ്ഥിതി മാറി.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതോടെ നരന്ദ്ര മോദിയുടെ ചിത്രങ്ങള്‍ മാത്രമുള്ള ബോര്‍ഡും പോസ്റ്ററുകളുമായി ഇത് മറികടക്കാനായിരുന്നു ബിജെപി നീക്കം. എന്നാല്‍, മോദിക്കെതിരായ ജനവിരുദ്ധ വികാരവും ശക്തമായതോടെ തന്ത്രങ്ങള്‍ പാളിയതായാണ് സൂചന.

ചില എക്‌സിറ്റ്‌പോളുകള്‍ നല്‍കുന്ന വലിയ വിജയം തേജസ്വി യാദവിന് ഉണ്ടായാല്‍ പ്രതിപക്ഷ ചേരിക്ക് അത് വന്‍ ഊര്‍ജ്ജം പകരും. ബിഹാറില്‍ പിടിച്ചുനിന്നാല്‍ ഇതുവരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മറികടക്കാനുള്ള അവസരമാകും എന്‍ഡിഎക്ക്. തൂക്കു നിയമസഭയെങ്കില്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രതിപക്ഷത്ത് തുടങ്ങിയിട്ടുണ്ട്.

കടുത്ത മത്സരമെങ്കില്‍ ചിരാഗ് പസ്വാനെയും ചെറിയ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ ബിജെപിയും തുടങ്ങികഴിഞ്ഞു. മഹാരാഷ്ട്രയില്‍ ഭരണം നഷ്ടമായി. ജാര്‍ഖണ്ടിലും ഡല്‍ഹിയിലും വിജയിക്കാനായില്ല. അതിനു പിന്നാലെ ബിഹാറും നഷ്ടമായാല്‍ ബിജെപിക്കും നരേന്ദ്രമോദിക്കും അത് കനത്ത തിരിച്ചടിയാകും.


 

Most Popular