പാട്ന: ബീഹാറില്‍ എന്‍.ഡി.എ- മഹാസഖ്യം ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. നിലവില്‍ 124 സീറ്റുകളില്‍ എന്‍.ഡി.എ മുന്നേറുമ്പോള്‍ 105 സീറ്റുകളിലാണ് നിലവില്‍ മഹാസഖ്യത്തിനുള്ളത്. 13 സീറ്റുകളില്‍ മറ്റുള്ളവര്‍ മുന്നേറുകയാണ്. ഇതില്‍ ഏഴ് സീറ്റുകളില്‍ എല്‍.ജെ.പിയാണ് മുന്നിലുള്ളത്.
അതേസമയം എട്ട് മണിക്ക് പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയപ്പോള്‍ തേജസ്വിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം എന്‍.ഡി.എ സഖ്യത്തെ തറപറ്റിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. 35 ഓളം സീറ്റുകളിലെ വ്യത്യാസത്തിലായിരുന്നു മഹാസഖ്യം മുന്നേറിയിരുന്നത്. എന്നാല്‍ പോസ്റ്റല്‍ ബാലറ്റിന് ശേഷം ഇ.വി.എം എണ്ണി തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ നേടിയ ലീഡ് മഹാസഖ്യത്തിന് നഷ്ടപ്പെട്ടു തുടങ്ങി.
തെരഞ്ഞെടുപ്പ് കമ്മീഷന് കണക്കുകള്‍ അനുസരിച്ച് ബി.ജെ.പി ബീഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണ്. 170 സീറ്റുകളില്‍ 70 സീറ്റില്‍ ബി.ജെ.പിയും 69 സീറ്റുകളില്‍ ആര്.ജെ.ഡിയും 23 ഇടത്ത് കോണ്‍ഗ്രസുമാണ് മുന്നേറുന്നത്. അതേസമയം ഇടത് കക്ഷികള്‍ക്ക് വലിയ മുന്നേറ്റമാണ് കാണുന്നത്. 12 സീറ്റുകളില്‍ സി.പി.ഐ.എം.എല്ലിന് മുന്നേറ്റം. മൂന്ന് സീറ്റില്‍ സി.പി.ഐ.എമ്മും ഒരു സീറ്റില്‍ സി.പി.ഐയും മുന്നേറുന്നുണ്ട്.
അതേസമയം 31 കാരനായ തേജസ്വി യാദവിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്. ഒരു വര്‍ഷം മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാന്‍ രാഷ്ട്രീയ ജനതാദളിന് സാധിച്ചിരുന്നില്ല. 40 ല്‍ 39 സീറ്റുകള്‍ എന്‍.ഡി.എ നേടിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.