Monday, June 21, 2021
Home Special Health Scan കോവിഡ് ഭേദമായവരെ പിടികൂടി മ്യൂക്കോര്‍മൈക്കോസിസ്; എട്ട് മരണം

കോവിഡ് ഭേദമായവരെ പിടികൂടി മ്യൂക്കോര്‍മൈക്കോസിസ്; എട്ട് മരണം

അഹമ്മദാബാദ്: കോവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് കണ്ടെത്തുന്നത് വ്യാപകമാവുന്നു. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. ഇത്തവണ മ്യൂക്കോര്‍മൈക്കോസിസ് വ്യാപകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

മ്യൂക്കോര്‍ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും. ചില മരുന്നുകള്‍ പ്രതിരോധശേഷിയെ ബാധിക്കും. ഇതാണ് കോവിഡ് ഭേദമായവരെ ഈ ഫംഗസ് വേഗം ബാധിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറേറ്റ് മേധാവി ഡോ. താത്യറാവ് ലഹാനെ പറഞ്ഞു. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും. തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.

ആഴ്ചകള്‍ക്കുമുമ്പ് കോവിഡ്മുക്തരായ ഒട്ടേറെപ്പേര്‍ക്കാണ് ഫംഗസ് ബാധയേറ്റതെന്ന് സൂറത്തിലെ കിരണ്‍ സൂപ്പര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറായ മാഥുര്‍ സവാനി പറഞ്ഞു. ഇത്തരത്തില്‍ 60 പേര്‍ ചികിത്സയിലുണ്ടെന്നും ഇവരില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് സാധാരണ കാണുന്നത് താഴെ പറയുന്ന അസുഖങ്ങള്‍ ഉള്ളവരിലാണ്
അനിയന്ത്രിതമായ പ്രമേഹം
-രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍
-ക്യാന്‍സര്‍ രോഗികള്‍, ക്യാന്‍സര്‍ രോഗത്തിന് മരുന്നെടുക്കുന്നവര്‍
-ഇടക്കിടക്ക് രക്തം കയറ്റുന്ന രോഗികള്‍
-ഉയര്‍ന്ന അളവില്‍ സ്റ്റിറോയ്ഡ് മരുന്ന് ഉപയോഗിക്കുന്നവര്‍
-എച്ച്.ഐ.വി. രോഗബാധിതര്‍

കോവിഡ് രോഗികളില്‍ ഇത് വരാതെ സൂക്ഷിക്കാന്‍ ചെയ്യേണ്ടത് ഇതാണ്

-ബ്ലഡ് ഷുഗര്‍ കൃത്യമായി ചികിത്സിച്ച് നിയന്ത്രണവിധേയമാക്കുക.
-ഓക്‌സിജന്‍ കൊടുക്കുന്ന രോഗികളാണെങ്കില്‍ ഹ്യുമിഡിഫൈയര്‍ ദിവസവും വൃത്തിയാക്കുക. അതില്‍ ഒഴിക്കുന്ന വെള്ളം നല്ലതാണെന്ന് ഉറപ്പു വരുത്തുക.
-രോഗിയുടെ ശുചിത്വം ഉറപ്പുവരുത്തുക.
-വായ്പുണ്ണ്, പല്ലിന്റെ പഴുപ്പ് ഇവയൊക്കെ പെട്ടെന്നുതന്നെ ചികിത്സിച്ചു ഗുണപ്പെടുത്തുക.
ALSO WATCH

Most Popular