Saturday, June 12, 2021
Home News National പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കുഴിയിലിറക്കി മുതുകില്‍ കല്ല് കെട്ടിവച്ചു; 10 വയസ്സുകാരന്‍ മരിച്ചു

പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കുഴിയിലിറക്കി മുതുകില്‍ കല്ല് കെട്ടിവച്ചു; 10 വയസ്സുകാരന്‍ മരിച്ചു

ഹാവേരി (കര്‍ണാടക): പലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട 10 വയസ്സുകാരന്‍ ആശുപത്രിയില്‍ മരിച്ചു. വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയിലുള്ള ഹരീഷയ്യ എന്ന ബാലനാണ് ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ക്രൂരമായി മര്‍ദിക്കുകയും മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവശനായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഹാവേരി ജില്ലയിലെ ഹനഗല്‍ താലൂക്കിലുള്ള ഉപ്പനാസി ഗ്രാമത്തില്‍ മാര്‍ച്ച് 16ന് ആയിരുന്നു സംഭവം. ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു ക്രൂരത പുറത്തറിഞ്ഞത്. നേരത്തേ പരാതി നല്‍കിയിട്ടും മരണ ശേഷമാണു പോലിസ് കേസെടുത്തത് എന്ന് ആരോപണമുണ്ട്. കടയുടമ ശിവരുദ്രപ്പയും കുടുംബാംഗങ്ങളും ചേര്‍ന്ന് കുട്ടിയുടെ അമ്മയെയും തല്ലിച്ചതച്ചിരുന്നു.

പച്ചക്കറി വാങ്ങാനെത്തിയ ഹരീഷയ്യ പലഹാരം മോഷ്ടിച്ചെന്നു പറഞ്ഞ് തലങ്ങും വിലങ്ങും തല്ലുകയായിരുന്നു. പിന്നീട്, സമീപത്തു വീടു നിര്‍മാണത്തിനെടുത്ത കുഴിയില്‍ ഇറക്കി ഇരുത്തി മുതുകില്‍ ഭാരമുള്ള പാറക്കല്ല് കെട്ടിവച്ചു. മകനെ തിരഞ്ഞ് അച്ഛന്‍ നാഗയ്യ എത്തിയപ്പോള്‍ ‘അവന്‍ പാഠം പഠിക്കട്ടെ’ എന്നു പറഞ്ഞു തിരിച്ചയച്ചത്രേ. പിന്നാലെയെത്തിയ അമ്മ ജയശ്രീ ബഹളം വച്ചപ്പോള്‍ അവരെ മര്‍ദിച്ച് അവശയാക്കി. പിന്നീടാണു കുട്ടിയെ വിട്ടുകൊടുത്തത്. ദരിദ്ര കുടുംബമാണ് ഹരീഷയ്യയുടേത്.

തീരെ അവശനായ കുട്ടിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കുട്ടി അനുഭവം വിവരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. പിറ്റേന്നു തന്നെ പൊലീസിനെ സമീപിച്ചെങ്കിലും മകന്‍ മരിച്ച ശേഷമാണു കേസെടുത്തതെന്നു നാഗയ്യ പറയുന്നു. പ്രതിയും കുടുംബവും ഒളിവിലാണ്. ശിവരുദ്രപ്പയ്ക്കു പുറമേ ബന്ധുക്കളായ പ്രവീണ്‍ കരിഷെട്ടാര്‍, മാതാവ് ബസവണ്ണേവ കരിഷെട്ടാര്‍, അമ്മാവന്‍ കുമാര്‍ ഹാഹേരി എന്നിവരാണ് കേസിലെ പ്രതികള്‍.
ALSO WATCH

Most Popular