ബംഗളൂരു: ആരെയും അമ്പരപ്പിക്കുന്ന ധീരതയിലൂടെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് 12 വയസ്സുകാരന്. മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലാണ് സംഭവം. തോളില്‍ കടിച്ച പുലിയുടെ കണ്ണില്‍ കൈവിരല്‍ കുത്തിയിറക്കുകയായിരുന്നു നന്ദന്. പെട്ടെന്നുള്ള പ്രത്യാക്രമണത്തില്‍ ചകിതനായ പുലി പെട്ടെന്ന് കടിവിട്ട് കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. തോളിന് കടിയേറ്റ നന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണംചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അച്ഛന്റെ ഫാംഹൗസില്‍ കന്നുകാലികള്‍ക്ക് തീറ്റകൊടുക്കാന്‍ എത്തിയതാപ്പോളായിരുന്നു പുലിയുടെ ആക്രമണം. അച്ഛന് രവിയും ഒപ്പമുണ്ടായിരുന്നു. കന്നുകാലികള്‍ക്ക് പുല്ല് നല്കിക്കൊണ്ടിരുന്നപ്പോളാണ് വൈക്കോലിനുള്ളില്‍ ഒളിച്ചിരുന്ന പുലി നന്ദന്റെമേല് ചാടിവീണത്. തോളിലും കഴുത്തിലും പുലിയുടെ കടിയേറ്റു.
നന്ദന്റെ അച്ഛന് സമീപത്തു തന്നെ ഉണ്ടായിരുന്നെങ്കിലും നിസ്സഹായനായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. സഹായത്തിനായി അലറിവിളിച്ച നന്ദന് ധൈര്യം കൈവിടാതെ പുലിയുടെ കണ്ണില്‍ തള്ളവിരല്‍ ശക്തിയായി കുത്തിയിറക്കുകയായിരുന്നു. നന്ദന്റെ ധീരതയെ നാട്ടുകാര്‍ മുഴുവന്‍ അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയയിലും താരമാണിപ്പോള്‍ ഈ ബാലന്.