Monday, May 10, 2021
Home News National യുഎഇയിലേക്കുള്ള യാത്ര തടഞ്ഞതിനെതിരേ ബി ആര്‍ ഷെട്ടി കോടതിയെ സമീപിച്ചു

യുഎഇയിലേക്കുള്ള യാത്ര തടഞ്ഞതിനെതിരേ ബി ആര്‍ ഷെട്ടി കോടതിയെ സമീപിച്ചു

ബംഗളൂരു: യുഎഇയിലേക്കു മടങ്ങാനുള്ള ശ്രമം ഇമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞതിനെതിരേ എന്‍എംഎസി ഹെല്‍ത്ത് സ്ഥാപകന്‍ ബി ആര്‍ ഷെട്ടി കോടതിയെ സമീപിച്ചു. കോടികളുടെ തിരമറി നടത്തിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ എന്‍എംസി മേധാവി നേരത്തേ യുഎഇയില്‍ നിന്ന് മുങ്ങിയതായിരുന്നു. എന്നാല്‍, താന്‍ മുങ്ങിയതല്ലെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്നുമാണ് ഷെട്ടിയുടെ അവകാശ വാദം.

നവംബര്‍ 14ന് ആണ് യുഎഇയിലേക്ക് മടങ്ങാനായി ഷെട്ടി ബംഗളൂരു എയര്‍പോര്‍ട്ടില്‍ എത്തിയത്. എന്നാല്‍, ഇമിഗ്രേഷന്‍ അധികൃതര്‍ അദ്ദേഹത്തെ തടഞ്ഞുവയ്ക്കുകയായിരുന്നു. കാരണമൊന്നും കാണിക്കാതെയാണ് തന്നെ തടഞ്ഞതെന്നാണ് ഷെട്ടി നവംബര്‍ 30ന് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, ഇമിഗ്രേഷന്‍ ബ്യൂറോ, ബംഗളൂരുവിലെ ഫോറിന്‍ റീജ്യനല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി.

ഇമിഗ്രേഷന്‍ അധികൃതരുടെ നടപടി നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും വിദേശത്തു പോകാന്‍ അനുമതി നല്‍കണമെന്നുമാണ് ഹരജിയിലെ ആവശ്യം. വ്യക്തിപരമായ കാരണങ്ങളാല്‍ തനിക്ക് അടിയന്തരമായി യുഎഇയില്‍ എത്തേണ്ടതുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ഹരജിയെക്കുറിച്ച് ഇമിഗ്രേഷന്‍ ബ്യൂറോയുടെയോ ബംഗളൂരു എഫ്ആര്‍പിഒയുടെയോ പ്രതികരണം അറിവായിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

ബാങ്ക് ഓഫ് ബറോഡയുടെ പരാതിപ്രകാരമാണ് ഷെട്ടിയെ തടഞ്ഞതെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. കമ്പനിയുടെ കടങ്ങള്‍ക്ക് ഗാരന്റിയായി 16 വസ്തുക്കള്‍ ബാങ്കിന് നല്‍കണമെന്ന കരാര്‍ ലംഘിച്ചതിനാണ് ബാങ്ക് ഓഫ് ബറോഡ ഷെട്ടിക്കെതിരേ കേസ് നല്‍കിയത്.

കേസില്‍ വാദം കേട്ട കോടതി എതിര്‍ക്ഷിക്കാര്‍ക്ക് മറുപടി നല്‍കാന്‍ ഒരാഴ്ച്ചത്തെ സമയം നല്‍കി. ഡിസംബര്‍ 11ന് കേസ് വീണ്ടും പരിഗണിക്കുമെന്നാണ് റിപോര്‍ട്ട്.
BR Shetty challenges India’s move to prevent him from flying to UAE

Most Popular