Saturday, October 1, 2022
HomeNewsNationalവിമാനത്തിനകത്ത് നടിയെ കടന്നുപിടിച്ചു; വ്യവസായി അറസ്റ്റില്‍

വിമാനത്തിനകത്ത് നടിയെ കടന്നുപിടിച്ചു; വ്യവസായി അറസ്റ്റില്‍

മുംബൈ: വിമാനത്തില്‍ നടിയെ കയറിപ്പിടിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടി നല്‍കിയ പരാതിയിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ (36) അറസ്റ്റിലായത്. ഒക്ടോബര്‍ 3ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങവേയാണ് സംഭവം.

ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് നടി പരാതിയില്‍ പറയുന്നത്.

രൂക്ഷമായി പ്രതികരിച്ച നടി വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കസ്റ്റമര്‍ റിലേഷന്‍സിലേക്ക് പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതേദിവസം രാത്രി തന്നെ നടി എയര്‍ലൈന്‍ കമ്പനിക്ക് മെയില്‍ വഴി പരാതി നല്‍കുകയും തുടര്‍ന്ന് വെര്‍സോവ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവം നടന്നത് സഹര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പരാതി ഇവിടേക്ക് കൈമാറി.

പ്രതി വിമാനത്തിലെ കാബിന്‍ ക്രൂവിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും പോലിസ് പറഞ്ഞു. കാബിന്‍ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ ഇയാള്‍ സ്വന്തം പേര് പറയാതെ സഹയാത്രികന്റെ പേരായിരുന്നു നല്‍കിയത്. ഇതോടൊപ്പം സീറ്റ് നമ്പരും തെറ്റിച്ച് നല്‍കി. രാജീവ് എന്നയാളുടെ പേരാണ് ഇയാള്‍ പറഞ്ഞിരുന്നത്. പോലിസ് രാജീവിനെ തേടി എത്തിയപ്പോള്‍ ഇയാള്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കി.

വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. വിഷയത്തില്‍ നടിയുടെ മൊഴിയെടുക്കാന്‍ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കി.
ALSO WATCH

 

Most Popular