ഫോം പൂരിപ്പിച്ച് കൊടുക്കാതെ തന്നെ സിഎഎ പിന്‍വാതിലിലൂടെ നടപ്പിലായിക്കൊണ്ടിരിക്കുകയാണെന്ന് സാങ്കേതിക വിദഗ്ധന്‍

Anivar aravind

ന്യൂഡല്‍ഹി: പൗരത്വ നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാരിനോട് കടലാസ് കാണിക്കില്ലെന്നും ഫോം പൂരിപ്പിച്ച് നല്‍കില്ലെന്നും പറയുന്നത് നല്ല മുദ്രാവാക്യമാണെങ്കിലും അതില്ലാതെ തന്നെ നാഷനല്‍ പോപുലേഷന്‍ രജിസ്റ്റര്‍(എന്‍പിആര്‍) പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വിശദീകരിച്ച് സാങ്കേതിക വിദഗ്ധന്‍. ഫോം പൂരിപ്പിക്കാന്‍ സഹായിക്കാമെന്ന കെ.എന്‍.എ ഖാദറിന്റെ പ്രസ്താവനയും ഫോം ആരും പൂരിപ്പിച്ചു നല്‍കേണ്ടി വരില്ലെന്ന പിണറായി വിജയന്റെ മറുപടിയും ചര്‍ച്ചയായി പശ്ചാത്തലത്തിലാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അനിവര്‍ അരവിന്ദ് വിശദീകരണ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

എങ്ങനെയാണ് പൗരത്വ ഡാറ്റാബേസ് നിര്‍മ്മിതി സാങ്കേതികമായി നടന്നുവരുന്നതെന്നും അതിനു ആധാറുമായുള്ള ബന്ധമെന്താണെന്നുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. ഡാറ്റാ പ്രൈവസി സംബന്ധിച്ച് സുപ്രധാനമായ വിധികളിലേക്കു നയിച്ച നിയമ പോരാട്ടം സുപ്രിം കോടതിയില്‍ നടത്തുന്ന ടെക്‌നോളജി വിദഗ്ധനാണ് അനിവര്‍ അരവിന്ദ്.

പൗരത്വ നിയമം നടക്കിലാക്കുന്നത് തടയണമെങ്കില്‍ ചെയ്യേണ്ടത് എന്തൊക്കെയാണ്‌

1. ഭൂമി ആധാര്‍ ലിങ്കിങ് ഒഴിവാക്കല്‍
2. ജനന മരണ സര്‍ട്ടിഫിക്കറ്റ് ആധാര്‍ ലിങ്കിങ് ഒഴിവാക്കല്‍ ( ILGMS അടക്കം)
3. കേരള പിഎസ്‌സി, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ ഡിജിലോക്കര്‍ ബന്ധം ഒഴിവാക്കല്‍.
4. കേരളത്തില്‍ ഇന്ത്യ എന്റര്‍പ്രൈസ് ആര്‍ക്കിടെക്ചര്‍ ഇന്റഗ്രേഷന്‍ ഒഴിവാക്കല്‍,
5. സ്റ്റേറ്റ് റസിഡന്റ് ഡാറ്റാ ഹബിന്റെ സെന്‍ട്രല്‍ ഇന്റഗ്രേഷനുകള്‍ ഒഴിവാക്കല്‍
6. വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് പദ്ധതിയില്‍ നിന്ന് മാറിനില്‍ക്കല്‍
7. ആരോഗ്യരംഗത്തെ അനാവശ്യ ആധാര്‍ വ്യാപനം ഒഴിവാക്കല്‍.
8. ആധാര്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കില്ല എന്ന ഉറപ്പ് .
9. കേന്ദ്രത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നുള്ള സബ്സിഡി വിതരണമൊഴികെയുള്ളവര്‍ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കില്ല എന്ന വാഗ്ദാനം.

സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിനു എന്തിനു ഡാറ്റ നല്‍കണമെന്ന് അനിവര്‍ അരവിന്ദ് ചോദിക്കുന്നു.
റേഷന്റെ സാര്‍വത്രിക ലഭ്യതയുടെ മാതൃകയായിരുന്നു കോവിഡ് കാലത്തെ കിറ്റ്. ആ മാതൃക ആധാറില്ലാതെ തന്നെ തുടരാവുന്നതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി 2016 ലെപ്പോലെ ആധാറിന്റെ കാര്യത്തില്‍ ഒരുറപ്പ് ഇത്തവണ മുന്നോട്ടുവെയ്ക്കുന്നില്ല. ന്യായ് അടക്കമുള്ള ഐക്യജനാധിപത്യ മുന്നണി വാഗ്ദാനങ്ങളും അത് നടപ്പാക്കാന്‍ ആധാര്‍ നിര്‍ബന്ധമാണെന്ന കാര്യവും മുമ്പ് സംസാരിച്ചിട്ടുള്ളതാണ്.

സാങ്കേതിക വളര്‍ച്ച ഉപയോഗിച്ച് കേരളത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു ചേരും വിധമുള്ള സ്വതന്ത്ര നിലനില്‍പ് ഉറപ്പുവരുത്തി ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ബന്ധിതാവസ്ഥ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ നടക്കാവുന്നതാണ്.
നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിന്റെ അടിസ്ഥാനം ആധാറാണെന്നു മറക്കരുത്. ഫോമുകള്‍ വഴിയല്ല ഡാറ്റാബേസ് സീഡിങ് വഴിയാണ് ഭൂമിയും ജനനമരണ വിവരങ്ങളും സോഷ്യല്‍ ഗ്രാഫുമൊക്കെ ഇന്ന് എന്‍പിആറിന്റെ സെല്‍ഫ് ക്ലീനിങ് മദര്‍ ഡാറ്റാബേസില്‍ ചേര്‍ക്കപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. എത്രയധികം വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നോ അത്രയും എളുപ്പത്തില്‍ കേന്ദ്രത്തിന് ദേശീയ പൗരത്വ പട്ടിക പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് അനിവര്‍ അരവിന്ദ് വിശദീകരിക്കുന്നത്.
ALSO WATCH