ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി (എന്‍ആര്‍എ) സ്ഥാപിക്കാനും പൊതു യോഗ്യതാ പരീക്ഷ (സിഇടി) ഏര്‍പ്പെടുത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരുകളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെ നിയമനങ്ങള്‍ക്ക് പൊതുയോഗ്യത പരീക്ഷ നടത്താനാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരിക്കുന്നത്.
സാധാരണ കേന്ദ്രസര്‍ക്കാരിലെയും പൊതുമേഖലാ ബാങ്കുകളിലെയും ഒഴിവുകള്‍ക്ക് വ്യത്യസ്ത തലത്തിലാണ് പരീക്ഷ നടത്തുന്നത്. ഇതു പരിഹരിക്കാനാണ് ഏകീകൃത സംവിധാനം നിലവില്‍ വരുന്നത്. നിലവില്‍ 20 ഓളം റിക്രൂട്ട്മെന്റ ഏജന്‍സികളാണ് കേന്ദ്രസര്‍ക്കാരിലെ വിവിധ മന്ത്രാലയങ്ങളിലേക്കും പൊതുമേഖലാ ബാങ്കുകളിലേക്കും നിയമനം നടത്തുന്നത്. ഇതുമൂലം വിവിധ സമയങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പൊതുപരീക്ഷയെഴുതേണ്ടി വരുന്ന ഉദ്യോഗാര്‍ഥികളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഏജന്‍സിയുടെ രൂപീകരണം.
കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കുള്ള റിക്രൂട്ട്മെന്റ് നടപടികളില്‍ വലിയ മാറ്റം കൊണ്ടുവരുന്നതാണ് ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി. ജോലിക്ക് അപേക്ഷിക്കുന്ന നടപടിയും ഇത് ലളിതമാക്കും. ബഹു ഏജന്‍സി സംവിധാനമായിരിക്കും എന്‍ആര്‍എ. സ്റ്റാഫ് സെലക്ഷന് കമ്മീഷന്, റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് സര്‍വീസ് പഴ്സനല്‍ എന്നീ ഏജന്‍സികളുടെ ആദ്യ ഘട്ട ടെസ്റ്റുകളും എന്‍ആര്‍എയുടെ ഭാഗമായ പൊതുയോഗ്യതാ പരീക്ഷയില്‍ ഉള്‍പ്പെടും. പത്താം ക്ലാസ്, ഹയര്‍ സെക്കണ്ടറി, ബിരുദ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയിട്ടായിരിക്കും സിഇടി എന്ന പൊതു യോഗ്യതാ പരീക്ഷ നടത്തുക.