Wednesday, May 12, 2021
Home News National സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് 31ന് ശേഷം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് 31ന് ശേഷം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മേയ് 31 വരെ നീട്ടിവയ്ക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് രണ്ടാം തരംഗം ഗുരുതരമായ രീതിയില്‍ തുടരുന്ന സാഹചര്യത്തില്‍ ബോര്‍ഡ് പരീക്ഷകള്‍ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാലും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ നടത്താതെ ഇന്റേണല്‍ അസസ്മെന്റിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് കയറ്റം നല്‍കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

നിലവില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീട്ടിവച്ചിരിക്കയാണെന്നും ജൂണ്‍ ഒന്നിന് പുതുക്കിയ പരീക്ഷ ഷെഡ്യൂള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 15 ദിവസം മുമ്പെങ്കിലും വിദ്യാര്‍ഥികള്‍ക്ക് അറിയിപ്പ് നല്‍കും. 10, 12 ക്ലാസ് പരീക്ഷകള്‍ മെയ് നാലു മുതല്‍ ജൂണ്‍ ഏഴു വരെയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ജൂലൈ പകുതിയോടെ റിസള്‍ട്ട് പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ അറിയിച്ചിരുന്നു.

ഇന്റേണല്‍ അസസ്മെന്റിന് ബോര്‍ഡ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കും. ഇതിനെ അടിസ്ഥാനമാക്കിയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് തീരുമാനിക്കുക. ഇങ്ങനെ നല്‍കുന്ന മാര്‍ക്കില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കും.
ALSO WATCH

Most Popular