Sunday, July 25, 2021
Home Gulf സിബിഎസ്ഇ ഫലം വന്നത് അപ്രതീക്ഷിതമായി; വെബ്‌സൈറ്റ് മണിക്കൂറുകളോളം പണിമുടക്കി; ഗള്‍ഫില്‍ മികച്ച റിസള്‍ട്ട്

സിബിഎസ്ഇ ഫലം വന്നത് അപ്രതീക്ഷിതമായി; വെബ്‌സൈറ്റ് മണിക്കൂറുകളോളം പണിമുടക്കി; ഗള്‍ഫില്‍ മികച്ച റിസള്‍ട്ട്

ദോഹ: ഇത്തവണത്തെ സിബിഎസ്ഇ 12ാം തരം പരീക്ഷാ ഫലം അപ്രതീക്ഷിതമായി എത്തിയപ്പോള്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച് ഗള്‍ഫിലെ വിദ്യാര്‍ഥികള്‍. തിങ്കളാഴ്ച്ച രാവിലെ പ്രത്യേക മുന്നറിയിപ്പൊന്നും കൂടാതെയാണ് സിബിഎസ്ഇ വെബ്‌സൈറ്റില്‍ ഫലം വന്നത്. സിബിഎസ്ഇ സുപ്രീംകോടതിയില്‍ അറിയിച്ചതിലും രണ്ടുദിവസം മുന്‍പാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇതോടെ ഫലം അറിയാന്‍ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ www.cbse.nic.in വെബ്‌സൈറ്റ് സന്ദര്‍ശിച്ചത് മണിക്കൂറുകളോളം സാങ്കേതിക തടസ്സത്തിന് ഇടയാക്കി. വെബ്‌സൈറ്റ് തുറക്കാനാവാത്ത സ്ഥിതിയായിരുന്നുവെന്ന് ഖത്തറിലെ നിരവധി രക്ഷിതാക്കളും പരാതിപ്പെട്ടു.

ഇത്തവണ ഡിജിലോക്കര്‍ സംവിധാനം വഴിയും ഫലം ലഭ്യമാക്കിയിട്ടുണ്ട്. ഒറിജിനലിന് സമാനമായ അംഗീകൃത ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കുന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ സംവിധാനമാണ് ഡിജിലോക്കര്‍. സിബിഎസ്ഇയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ വഴി ഡിജിലോക്കര്‍ ഓപണ്‍ ചെയ്യാനുള്ള കോഡ് വിദ്യാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ടെന്ന് സിബിഎസ്ഇ അറിയിച്ചു.

1,192,961 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 88.78 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ പാസായത്. ഇന്ത്യക്കു പുറത്ത് 16,043 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 92.15 ശതമാനം പേര്‍ വിജയികളായി. ഗള്‍ഫിലെ മിക്ക ഇന്ത്യന്‍ സ്‌കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല പരീക്ഷകളും വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിരുന്നു. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.

Most Popular