Friday, August 6, 2021
Home News National സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്: ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് കേന്ദസര്‍ക്കാര്‍

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്: ഐടി നിയമത്തിലെ 66എ വകുപ്പ് പ്രകാരം കേസെടുക്കരുതെന്ന് കേന്ദസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഐടി നിയമത്തിലെ റദ്ദാക്കിയ 66എ വകുപ്പ് പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രാണിക് മാധ്യമങ്ങളിലൂടെ സന്ദേശമയക്കുന്നതുമായി ബന്ധപ്പെട്ട ഈ വകുപ്പ് ചേര്‍ത്ത് കേസെടുക്കുന്നത് അവസാനിപ്പിക്കാന്‍ പോലിസിനോട് ആവശ്യപ്പെടണം. റദ്ദാക്കിയ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ഇലക്ട്രോണിക് മീഡിയ വഴിയോ അനിഷ്ടകരമായതും ഭീഷണി രൂപത്തിലുള്ളതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും ഒരു വസ്തുത തെറ്റാണെന്ന് അറിഞ്ഞ് ദുരുദ്ദേശത്തോട് കൂടി മനപൂര്‍വ്വം പ്രചരിപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥ ചെയ്തിരുന്ന വിവാദ നിയമം 2015 മാര്‍ച്ചിലാണ് സുപ്രിംകോടതി റദ്ദാക്കിയിരുന്നത്. അവ്യക്തവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ് നിയമമെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. എന്നാല്‍, ഇതിനുശേഷവും വിവിധ സംസ്ഥാനങ്ങളില്‍ ഇതേ വകുപ്പ് പ്രകാരം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതി ഉയര്‍ന്നിരുന്നു.

66എ വകുപ്പ് റദ്ദാക്കിയ ശേഷവും ഈ വകുപ്പുപ്രകാരം രാജ്യത്ത് 1000ത്തിലേറെ കേസുകള്‍ എടുത്ത പോലിസ് നടപടി ഞെട്ടിച്ചെന്ന് അടുത്തിടെ ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ സുപ്രീംകോടതി പറഞ്ഞിരുന്നു. ഈ നിയമം ഉപയോഗപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസുമാരായ ആര്‍ നരിമാന്‍, കെഎം ജോസഫ്, ബിആര്‍ ഗവായി എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

66എ പ്രകാരം ഇപ്പോഴും കേസെടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് സംഘടനയാണ് കോടതിയെ സമീപിച്ചിരുന്നത്. നിയമം റദ്ദാക്കിയ ശേഷവും ഇതേവകുപ്പ് പ്രകാരം മഹാരാഷ്ട്ര (381), ജാര്‍ഖണ്ഡ് (291), യുപി (245), രാജസ്ഥാന്‍ (192), ആന്ധ്രാപ്രദേശ് (38), അസം (59), ഡല്‍ഹി (28), കര്‍ണാടക (14), തെലങ്കാന (15), തമിഴ്‌നാട് (ഏഴ്), ബംഗാള്‍ (37) എന്നിങ്ങനെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ALSO WATCH

Most Popular