ദോഹ: ഖത്തര്‍ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ പ്രവാസികള്‍ക്ക് മിനിമം വേതനം നടപ്പാക്കുന്ന പ്രഖ്യാപനവുമായി മുന്നോട്ട് പോകുമ്പോള്‍ ഈ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാട് വിമര്‍ശന വിധേയമാകുന്നു. പ്രവാസികളുടെ ജീവിത നിലവാരവുമായി ഒട്ടും യോജിച്ചു പോകാത്ത രീതിയിലുള്ള മിനിമം വേതനമാണ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം.
2020 സ്പതംബര്‍ 8, 21 തിയ്യതികളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിശ്ചയിച്ച മിനിമം റഫറല്‍ വേതനപ്രകാരം ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ പ്രവാസികള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത് വെറും 200 ഡോളറാണ്. യുഎഇക്ക് 324 ഡോളറാണ് ഇതില്‍ പറയുന്നത്. കുവൈത്തിന് 245 ഡോളറും സൗദി അറേബ്യക്ക് 324 ഡോളറും. നേരത്തേ ഉണ്ടായിരുന്നതില്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ കുറവ് വരുത്തിയാണ് പുതിയ നിരക്ക് നിശ്ചയിച്ചത്.
ഇതു പ്രകാരം ഖത്തറിലേക്ക് പുതുതായി തൊഴില്‍ തേടി പോവുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍കരാറില്‍ പരമാവധി 728 റിയാല്‍ നല്കിയാല് മതിയാവും. അതേ സമയം, ഖത്തര്‍ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിരിക്കുന്നത് 1000 റിയാലും താമസവും ഭക്ഷണവുമാണ്. താമസവും ഭക്ഷണവും തൊഴിലുടമ നല്കുന്നില്ലെങ്കില് അതിന് 800 റിയാല്‍ വേറെയും നല്‍കണം. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ ഖത്തര്‍ പ്രഖ്യാപിച്ച ഈ ഭേദഗതി ഈ മാസം മുതല്‍ നടപ്പില്‍ വന്നു കഴിഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ മിനിമം റഫറല്‍ വേതന സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ അത് പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്ന് പ്രവാസി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രവാസി സംഘടനകളും നേതാക്കളും കേന്ദ്രസര്‍ക്കാരിന് കത്തയക്കുകയും എംപിമാര്‍ക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തെങ്കിലും യാതൊരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.
ഗള്‍ഫ് രാജ്യങ്ങള്‍ ആവശ്യപ്പെടാതെയാണ് ഇന്ത്യ മിനിമം വേതനത്തില്‍ കുറവ് വരുത്തിയതെന്ന് ഗള്‍ഫ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി(ജെഎസി) വക്താവ് തോട്ട ധര്‍മേന്ദര്‍ കുറ്റപ്പെടുത്തി. റിക്രൂട്ടിങ് ഏജന്‍സികളുടെയും വിദേശ കമ്പനികളുടെയും സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങിയതായാണ് മനസ്സിലാവുന്നത്. ജെഎസി നേതാക്കള്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച്ച നടത്തി പ്രശ്നം അവതരിപ്പിച്ചിട്ടുണ്ട്. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ടാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും വിഷയം പഠിച്ച് വേണ്ടത് ചെയ്യാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു.
ALSO WATCH