Tuesday, October 4, 2022
HomeNewsNationalചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി; ആശങ്കയോടെ ഇന്ത്യ

ചൈനീസ് ചാരക്കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തി; ആശങ്കയോടെ ഇന്ത്യ

കൊളംബോ: ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കയിലെത്തി. ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ പരിഗണിക്കാതെയാണ് ശ്രീലങ്ക അനുമതി നല്‍കിയത്. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളോടു കൂടിയ യുവാൻ വാങ് 5 ആണ് ചൊവ്വാഴ്ച രാവിലെ ഹംബൻതോട്ട തുറമുഖത്തെത്തിയത്.

ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാന്‍ കഴിവുള്ള ചൈനീസ് കപ്പലാണ് ഇത്. ഓഗസ്റ്റ് 16 മുതൽ 22 വരെ ഹംബൻതോട്ട തുറമുഖത്ത് നങ്കൂരമിടാനാണ് വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നതെന്ന് ശ്രീലങ്കൻ തുറമുഖമന്ത്രി നിർമൽ പി.സിൽവ പറഞ്ഞു.

ചൈനയുടെ യുവാന്‍ വാങ്-5 കപ്പല്‍ ഗവേഷണത്തിനും സര്‍വേക്കുമായാണ് ഉപയോഗിക്കുന്നതെന്നാണ് ചൈനീസ് അവകാശവാദം. എന്നാല്‍, ചാരവൃത്തിക്കും ഈ കപ്പല്‍ ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതാണ് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ സാന്നിധ്യം വര്‍ധിക്കുന്നതില്‍ നിരവധി തവണ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഉപഗ്രഹ സിഗ്നലുകളുടെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. 750 കിലോമീറ്റർ ആകാശ പരിധിയിലെ സകല സിഗ്നലുകളും പിടിച്ചെടുക്കാൻ ചൈനീസ് ചാരനു കഴിയുമെന്നതിനാൽ കൂടംകുളം, കൽപാക്കം, ശ്രീഹരിക്കോട്ട തുടങ്ങി തെക്കേ ഇന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോരുമോയെന്ന ആശങ്കയിലാണു സുരക്ഷാ ഏജൻസികൾ.

Most Popular