ഊട്ടി: ഊട്ടിയില്‍ അപകടത്തില്‍ പെട്ട സൈനിക കോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും നില അതീവ ഗുരുതരമായി തുടരുന്നു. ബിപിന്‍ റാവത്തിന് 80 ശതമാനം പൊള്ളലേറ്റതായാണ് റിപോര്‍ട്ട്. അപകട സ്ഥലത്തു നിന്ന് ഏഴുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തു.
സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നു പറന്നുയര്‍ന്നതായിരുന്നു ഹെലികോപ്ടര്‍. ലാന്റിങിനിടെയാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചു. രാജ്‌നാഥ് സിങ് ഉടന്‍ സംഭവ സ്ഥലത്ത് എത്തും.
വ്യോമസേനയുടെ എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. മോശം കാലാവസ്ഥയാണ് അപകട കാരണമെന്നാണ് കരുതുന്നത്. ഹെലികോപ്ടറില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറ് പേര്‍ സൈനിക ഉദ്യോഗസ്ഥരായിരുന്നു. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട കൂടിയാലോചനകള്‍ ആരംഭിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അല്‍പസമയത്തിനകം ഡല്‍ഹിയി ചേരും. ഉദ്യോഗസ്ഥ തലത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിന്‍ റാവത്ത്. മുന്‍കരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.
സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ല്‍ നിന്നും വെല്ലിംഗ്ടണ് ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് ലഭ്യമായ വിവരം. ഡിഫന്‍സ് കോളേജില്‍ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു.
ഹെലികോപ്ടറില്‍ സംയുക്ത സൈനികമേധാവിയുടെ ഭാര്യയെ കൂടാതെ വേറെയും ചില കുടുംബാംങ്ങളുണ്ടായിരുന്നുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.
ബിപിന്‍ റാവത്ത് അപകടത്തില്‍ പെടുന്നത് രണ്ടാം തവണ
ഇന്ത്യയുടെ ആദ്യ സംയുക്ത സൈനികമേധാവി ബിപിന്‍ റാവത്ത് അപകടത്തില്‍ പെടുന്നത് ഇത് രണ്ടാം തവണയാണ്. ഇതിന് മുമ്പ് 2015 ഫെബ്രുവരി മൂന്നിന് നാഗാലാന്റില്‍ വച്ചാണ് അപകടമുണ്ടായത്. അന്ന് നടന്ന ഒറ്റ എന്‍ജിന്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായാണ് റാവത്ത് രക്ഷപ്പെട്ടത്.