Thursday, January 27, 2022
HomeNewsNationalനാഗാലാന്‍ഡില്‍ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം 12 ഗ്രാമീണരെ വെടിവച്ചു കൊന്നു

നാഗാലാന്‍ഡില്‍ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം 12 ഗ്രാമീണരെ വെടിവച്ചു കൊന്നു

ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ 12 ഗ്രാമീണരെ സുരക്ഷാസേന വെടിവച്ചുകൊന്നു. ഒരു സൈനികനും സംഘര്‍ഷത്തില്‍ മരിച്ചു. മോണ്‍ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തില്‍ ശനിയാഴ്ച്ച വൈകീട്ടാണ് സംഭവം. രണ്ട് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ട്രക്കില്‍ സഞ്ചരിച്ചിരുന്ന ഗ്രാമീണര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കല്‍ക്കരി ഖനിയില്‍ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

അതേസമയം നാഗലാന്‍ഡില്‍ ഗ്രാമീണര്‍ക്ക് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് സുരക്ഷാ സേന രംഗത്തെത്തി. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സൈന്യം വ്യക്തമാക്കി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സുരക്ഷാസേനയിലെ ചില അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. തിരു, മോണ്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി

വെടിവെപ്പിനെ അപലപിക്കുകയാണെന്നും ഉന്നത സംഘം സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫു റിയോ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വെടിവെപ്പിനെ അപലപിച്ച് രംഗത്തെത്തി.

 

Most Popular