ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മരണ സംഖ്യ 58 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2000 കടന്നു. കഴിഞ്ഞ 12 മണിക്കൂറിനിടെ 131 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 151 പേര്‍ക്ക് രോഗം ഭേദമായി.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ഇവിടെ കൊറോണ ബാധിച്ച 56കാരന്‍ മരിച്ചു. ഇതോടെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആശങ്കയുടെ നിഴലിലായി. 10 ലക്ഷത്തിലേറെ പേരാണ് ധാരാവിയില്‍ ഇടതിങ്ങി കഴിയുന്നത്.
സ്ഥിതിഗതികള്‍ ഗുരുതരമാവുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ മുഖ്യമന്ത്രിമാരുമായും വീഡിയോകോണ്‍ഫറന്‍സില്‍ കാര്യങ്ങള്‍ വിലയിരുത്തി. രോഗവ്യാപനം തടയുന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ചയായത്.
ഇന്നലെ രാത്രിയാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് 56 വയസുകാരന്‍ മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഏഴ് പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധന ഫലം ഇന്ന് വരും. സംസ്ഥാനത്ത് ഇന്നലെ മാത്രം മൂന്ന് പേരാണ് മരിച്ചത്.
ഹരിയാനയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ആല്‍വാറില്‍ കോവിഡ് ബാധിച്ച് എന്‍പത്തിയഞ്ചുകാരന്‍ മരിച്ചു. മഹാരാഷ്ട്രയില്‍ 16 ഉം ആന്ധ്രാ പ്രദേശില്‍ 43 ഉം രാജസ്ഥാനില്‍ 13 പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. അസമില്‍ 5 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 335 കടന്നു.
ഡല്‍ഹിയില്‍ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടര്‍ക്കുമടക്കം 6 ഡോക്ടര്‍മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 47,951 പേരുടെ സാമ്പിളുകള്‍ 126 ലാബുകളിലായി പരിശോധിച്ചു. 132 പേര്‍ സുഖം ഭേദമായി വിവിധ ആശുപത്രികളില്‍ നിന്ന് മടങ്ങി.
corona cases in india leaps over 2000; 61 deaths; second case in dharavi