ഇന്ത്യയെ കാത്തിരിക്കുന്നത് കൊറോണ ‘ഭൂകമ്പം’?

ന്യൂഡല്‍ഹി: ചൈനയ്ക്കും യൂറോപ്പിനും ശേഷം കൊറോണ വൈറസ് കേസുകളുടെ അടുത്ത മലവെള്ളപ്പാച്ചില്‍ ഇന്ത്യയിലായിരിക്കുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ പരീക്ഷിച്ച പ്രതിരോധ മാര്‍ഗങ്ങള്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യത്ത് പാവര്‍ത്തികമാവാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധ പക്ഷം.

ഇതുവരെ 125 വൈറസ് കേസുകളും മൂന്ന് മരണവും റിപോര്‍ട്ട് ചെയ്ത ഇന്ത്യ അതിര്‍ത്തികള്‍ അടച്ചും രാജ്യത്തേക്ക് വരുന്ന യാത്രക്കാരെ പരിശോധിച്ചും കൊറോണയെ തടയാന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍, 130 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത് മതിയാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതും കാര്യമായ ആരോഗ്യ രക്ഷാ സംവിധാനങ്ങളും ഇല്ലാത്ത നഗരങ്ങളില്‍ വ്യാപകമായ പരിശോധനയും സാമൂഹിക അകലം പാലിക്കലും പ്രായോഗികമാവി്ല്ല.

നിലവില്‍ രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന പതുക്കെയാണെങ്കിലും ഏപ്രില്‍ പകുതിയോടെ ഇത് പത്തിരട്ടിയാവുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ അഡ്വാന്‍സ് റിസര്‍ച്ച് ഇന്‍ വൈറോളജിയിലെ മുന്‍ മേധാവി ഡോ. ടി ജേക്കബ് ജോണ്‍ അഭിപ്രായപ്പെട്ടു.

ഇതൊരു മലവെള്ളപ്പാച്ചിലായിരിക്കുമെന്ന കാര്യം അവര്‍ മനസ്സിലാക്കുന്നില്ലെന്ന് ജോണ്‍ പറഞ്ഞു. രാജ്യത്തെ പോളിയോ നിര്‍മാര്‍ജന വിഭാഗത്തിന്റെയും ദേശീയ എയ്ഡ്‌സ് റഫറന്‍സ് സെന്ററിന്റെയും ഉപദേശക സമിതി ചെയര്‍മാന്‍ കൂടിയായിരുന്ന ജോണിന്റെ അഭിപ്രായം തള്ളിക്കളയാവുന്നതല്ല. ഓരോ ആഴ്ച്ച കഴിയുന്തോറും ഈ മലവെള്ളപ്പാച്ചില്‍ വലുതായി വലുതായി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.