പ്രവാസികള്‍ തല്‍ക്കാലം അവിടെ തന്നെ നില്‍ക്കട്ടെയെന്ന് സുപ്രിം കോടതി

supreme court of india covid death

ന്യൂഡല്‍ഹി: വിദേശത്തുള്ള ഇന്ത്യക്കാരെ ഇപ്പോള്‍ നാട്ടിലെത്തിക്കാനാവില്ലെന്ന് സുപ്രീംകോടതി. തല്‍ക്കാലം അവരവിടെ തന്നെ നില്‍ക്കട്ടെയെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ ഇനി നാലാഴ്ച്ച കഴിഞ്ഞ് മാത്രമേ പരിഗണിക്കൂ.

യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രവാസികളുടെ സുരക്ഷക്ക് ആവശ്യമായ കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കട്ടെയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാലാഴ്ച കഴിഞ്ഞ് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എം കെ രാഘവന്‍ എംപിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുപോകാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്ന് യുഎഇ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം കര്‍ശന നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടന്‍, ആസ്‌ത്രേലിയ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരും നാട്ടിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കൊറോണ വ്യാപനത്തിന്റെ കടുത്ത പ്രതിസന്ധിയെ അവഗണിച്ച് പൗരന്മാരെ നാട്ടിലെത്തിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ ഇക്കാര്യത്തില്‍ തികച്ചും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.

Coronavirus: India’s Supreme Court rules out expat return for another month