ന്യൂഡല്‍ഹി: ജൂണ്‍ 30 വരെ ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍(ഡിജിസിഎ) അറിയിച്ചു. ജൂണ്‍ 30വരെയുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് അറിയിപ്പ്.
അന്താരാഷ്ട്ര വിമാന സര്‍വീസ് ഏത് സമയത്ത് ആരംഭിക്കാന്‍ സാധിക്കുമെന്നത് സംബന്ധിച്ച് യുക്തമായ സമയത്ത് വ്യോമയാന കമ്പനികളെ അറിയിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി. ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച്ച മുതല്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് 25 മുതലാണ് ഇന്ത്യയില്‍ മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയത്.
തീവ്രബാധിത പ്രദേശങ്ങള്‍ ഒഴികെ ജൂണ്‍ 8 മുതല്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നതായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. റസ്റ്റോറന്റുകള്‍, ഷോപ്പിങ് മാളുകള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ തുറക്കും. ജൂണ്‍ 30ന് ശേഷമാണ് അടുത്ത ഘട്ട ഇളവുകള്‍ നിലവില്‍ വരിക. ആഗസ്തിന് മുമ്പ് അന്തരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കാനാവുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി നേരത്തേ അറിയിച്ചിരുന്നു.
Coronavirus: No international flights till June 30 as India extends lockdown