ന്യൂഡല്‍ഹി: ഇന്ത്യയില്‍ മഹാമാരിയായ കോവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 75 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കുകയും നാലുപേര്‍ മരണപ്പെടുകയും ചെയ്തു. ഇതുവരെ 17 പേരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ടത്തെ കണക്കനുസരിച്ച് രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 724 ആയി ഉയര്‍ന്നു. ഇതില്‍ 47 പേര് വിദേശികളാണ്. ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്തതും ഈ ദിവസമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ബീഹാര്‍, കര്‍ണാടക, പഞ്ചാബ്, ദില്ലി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മരണം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇതുവരെ 67 രോഗികള്‍ രോഗവിമുക്തി നേടുകയോ ആശുപത്രി വിടുകയോ ചെയ്തിട്ടുണ്ട്.
രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്-137. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ഗുജറാത്തില്‍ ആകെ 43 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടുമരണമുണ്ടായി. തെലങ്കാനയില്‍ 45 കോവിഡ് 19 കേസുകളുണ്ട്.
കര്‍ണാടകയില്‍ വ്യാഴാഴ്ച രണ്ടാമത്തെ കോവിഡ് 19 മരണവും നാല് പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 55 ആയി. ഡല്‍ഹിയില്‍ ഇതുവരെ 35, ഹരിയാനയില്‍ 16, ജമ്മു കശ്മീരില്‍ 13, ലഡാക്കില്‍ 13 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഭോപ്പാലില്‍ നിന്ന് അഞ്ചുപേര്‍ക്ക് കൂടി കോവിഡ് 19 രോഗം കണ്ടെത്തിയതതോടെ മധ്യപ്രദേശിലെ രോഗികളുടെ എണ്ണം 20 ആയി ഉയര്‍ന്നു. ഉത്തര്‍പ്രദേശില്‍ 40 ഓളം പേര്‍ക്ക് അണുബാധയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 12 കൊറോണ വൈറസ് കേസുകള്‍ ആന്ധ്രയില്‍ സ്ഥിരീകരിച്ചു. ആറ് കൊറോണ വൈറസ് രോഗികളെയാണ് ബീഹാര്‍ സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളില്‍ 10, ഉത്തരാഖണ്ഡില്‍ നാല്, ചണ്ഡിഗഡില്‍ ഏഴ്, ഗോവയില്‍ മൂന്ന്, ഛത്തീസ്ഗഡില്‍ ആറ്, മിസോറാമിലും മണിപ്പൂരിലും ഒന്ന് വീതം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ആദ്യത്തെ കൊറോണ കേസ് സ്ഥിരീകരിച്ചു.
കൊറോണ വൈറസ് വ്യാപനം തടയാന്‍ ഇന്ത്യ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പലചരക്ക് കടകള്‍, മെഡിക്കല്‍ ഔട്ട്ലെറ്റുകള് എന്നിവ പോലുള്ള അവശ്യ സേവനങ്ങള്‍ മാത്രമാണ് തുറക്കുന്നത്.