Saturday, September 25, 2021
Home News National 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സും പാവങ്ങള്‍ക്ക് അഞ്ച് കിലോ അരിയും

1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സും പാവങ്ങള്‍ക്ക് അഞ്ച് കിലോ അരിയും

ന്യൂഡല്‍ഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. പാവപ്പെട്ടവര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചു. ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇന്‍ഷുറന്‍സ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ 80 കോടി ഇന്ത്യക്കാരെ ഉള്‍ക്കൊള്ളും. നിലവില്‍ ഒരോ ആള്‍ക്കും അഞ്ച് കിലോ വീതം അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നല്‍കും. പ്രാദേശിക സാഹചര്യങ്ങള്‍ കൂടി പരിഗണിച്ച് 1 കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 8.69 കോടി കര്‍ഷകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നല്‍കും. ഏപ്രില്‍ ആദ്യ വാരം തന്നെ ഇതു ലഭ്യമാകും. തൊഴിലുറപ്പ് കൂലി വര്‍ധിപ്പിച്ചു. വിധവകള്‍ക്ക് ആയിരം രൂപ നല്‍കും.

-വനിതകള്‍ക്ക് ജന്‍ധന്‍ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം നല്‍കും.

-എട്ടുകോടി പാവപ്പെട്ട കുടുംബങ്ങള്‍ക്കു സൗജന്യ എല്‍പിജി സിലിണ്ടര്‍ അനുവദിക്കും.

-ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മൂന്നുമാസത്തെ പിഎഫ് തുക സര്‍ക്കാര്‍ അടയ്ക്കും. നൂറ് തൊഴിലാളികള്‍ വരെയുള്ളതും അതില്‍ 90 ശതമാനം പേര്‍ക്കും പതിനയ്യായിരം രൂപയില്‍ താഴെ വരുമാനവും ആയിരിക്കണം.

-ഇപിഎഫ് നിക്ഷേപത്തില്‍നിന്ന് 75 ശതമാനം മുന്‍കൂര്‍ പിന്‍വലിക്കാന്‍ അനുമതി

-മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിങ്ങനെ മൂന്നുകോടി ആളുകള്‍ക്ക് 1000 രൂപ വീതം അടുത്ത മൂന്നു മാസവും നല്‍കും. രണ്ട് തവണകളായിട്ടായിരിക്കും ഈ പണം അക്കൗണ്ടില്‍ നിക്ഷേപിക്കുക..

– ഉജ്ജ്വല പദ്ധതിയിലുള്ള പാവപ്പെട്ടവര്‍ക്ക് മൂന്നു മാസത്തേക്ക് എല്‍പിജി സിലിണ്ടര്‍ സൗജന്യം. 8.3 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കും.

Covid: 1,70,000 crore package by govt of india

Most Popular