പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം അയയുന്നു; ഒരുങ്ങിയിരിക്കാന്‍ കേരളത്തിന് നിര്‍ദേശം

repatriation of malayalees from gulf

തിരുവനന്തപുരം: ഗള്‍ഫില്‍ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം അയയുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളെ കണക്കുകൂട്ടിയതിലും നേരത്തെ തിരിച്ചെത്തിക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇവര്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന കേന്ദ്രനിര്‍ദേശം ഇന്നലെ കേരളത്തിനു ലഭിച്ചു. ഇന്ന നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധമായ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.

ഗള്‍ഫില്‍ നിന്നുള്ള മലയാളികളുടെ കണ്ണീരും നാട്ടിലെ ബന്ധുക്കളുടെ വികാരവും സോഷ്യല്‍ മീഡിയയിലും വാര്‍ത്താ മാധ്യമങ്ങളിലും വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമുള്ളവരെ തിരിച്ചുകൊണ്ടുവരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. തിരിച്ചെത്തുന്നവരെ താമസിപ്പിക്കാനും പരിശോധനാ, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്.

ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,000 കടന്നു. ആറു ഗള്‍ഫ് രാജ്യങ്ങളിലുമായി 133 പേരാണ് മരിച്ചത്. യുഎഇയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അടുത്ത രണ്ട് ആഴ്ച നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയൊഴിച്ചുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരെ തിരിച്ചുകൊണ്ടുപോയിരുന്നു. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ വിമാനസര്‍വീസുകളൊന്നും പുനരാരംഭിക്കാനാവില്ലെന്നും ഇന്ത്യക്കാര്‍ വിദേശത്ത് കഴിയണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. ഇതിനെതിരേ പ്രവാസികള്‍ സുപ്രിം കോടതിയെ സമീപിച്ചെങ്കിലും ചുരുങ്ങിയത് ഒരു മാസമെങ്കിലും പ്രവാസികള്‍ ഉള്ള സ്ഥലങ്ങളില്‍ തന്നെ തുടരാനായിരുന്നു കോടതി നിര്‍ദേശം.

തിരിച്ചുവരുന്നവരില്‍ ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും മുന്‍ഗണന നല്‍കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സൂചന നല്‍കിയിരുന്നു.

covid 19: central government on expats who wish to return