ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍മൂലം വിമാനങ്ങള്‍ റദ്ദാക്കിയതിനാല്‍ വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കം തുടങ്ങി. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് വിദേശകാര്യ സെക്രട്ടറി കത്തയച്ചു. പ്രവാസികളെ സ്വികരിക്കാന്‍ സംസ്ഥാനങ്ങള്‍ എന്തൊക്കെ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട് എന്നതു സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടിയാണ് കത്ത്. മുന്നൊരുക്കള്‍ വിശദീരിച്ച്, കേരളസര്‍ക്കാര്‍ മറുപടി നല്‍കിയിട്ടുണ്ട്.
ഇതിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങളെ അടിസ്ഥാനമാക്കിയാവും നടപടികള്‍.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേരളത്തിലേക്കെത്തുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചാല്‍ മൂന്നു ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ മലയാളികള്‍ 30 ദിവസത്തിനകം മടങ്ങിയെത്തുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. തിരികെയെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെങ്കില്‍ നോര്‍ക്ക സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം.
വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണങ്ങളുള്ളവര്‍ ഉണ്ടെങ്കില്‍ അവരെ ക്വാരന്റൈന്‍ സെന്ററിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. യാത്രക്കാരുടെ ലഗേജ് ഉള്‍പ്പെടെ ഈ സെന്ററുകളില്‍ സൂക്ഷിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവര്‍ 14 ദിവസം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.
covid-19 india is preparing to return the trapped indians abroad