രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 15 ദിവസമായി ആകെ കൊവിഡ് കേസുകളില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുമ്ബോള്‍ മരണസംഖ്യ ഉയര്‍ന്നുനില്‍ക്കുന്നത് ആശങ്കയാകുന്നു.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് ഇപ്പോള്‍ 87. 76 ശതമാനമാണ്. പോസിറ്റിവിറ്റി നിരക്കില്‍ 3.58% ഇടിവ് സംഭവിച്ചിട്ടുണ്ട്. അതേസമയം, ആന്ധ്രാ, ബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുന്നുണ്ട്. 382 ജില്ലകളില്‍ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്കുണ്ടെന്നും തമിഴ്നാട്ടിലെ കേസുകള്‍ ഇപ്പോഴും ആശങ്കാജനകമാണെന്നും മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്ലാക്ക് ഫംഗസ് ചികിത്സക്കായുള്ള മരുന്ന് കൂടുതല്‍ കമ്ബനികള്‍ നിര്‍മ്മിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ സംസ്കരിക്കണമെന്നും ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സമിതികള്‍ രൂപീകരിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.