ന്യൂഡല്‍ഹി: രാജ്യത്ത് അതിവേഗത്തില്‍ കോവിഡ് വ്യാപിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം. രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ ഗൗരവതരമാണ് എന്നും അടുത്ത നാലാഴ്ച അതിനിര്‍ണായകമാണ് എന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാലും ആഗോള തലത്തില്‍ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണ് രാജ്യത്തുള്ളതെന്ന് മന്ത്രാലയം അറിയിച്ചു.
ശാസ്ത്രീയമായ രീതിയിലാണ് കോവിഡ് വാക്സിനേഷന് മുമ്പോട്ടു പോകുന്നതെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു. രോഗികളുടെ പ്രതിദിന എണ്ണത്തില്‍ ഇന്ത്യ യുഎസിനെയും ബ്രസീലിനെയും പിന്തള്ളിയിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ ഒരു ലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 96,982 കേസുകളും 442 മരണവുമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ അമ്പതിനായിരത്തോളം കേസുകള്‍ മഹാരാഷ്ട്രയിലാണ്.