Thursday, September 23, 2021
Home News National ആഞ്ഞടിച്ച് നിസര്‍ഗ; മുംബൈയില്‍ ചുഴലിക്കൊടുങ്കാറ്റും പേമാരിയും; കോവിഡ് ഭീതിയില്‍ കഴിയുന്നവര്‍ ദുരന്തമുഖത്ത് (വീഡിയോ കാണാം)

ആഞ്ഞടിച്ച് നിസര്‍ഗ; മുംബൈയില്‍ ചുഴലിക്കൊടുങ്കാറ്റും പേമാരിയും; കോവിഡ് ഭീതിയില്‍ കഴിയുന്നവര്‍ ദുരന്തമുഖത്ത് (വീഡിയോ കാണാം)

മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയില്‍ കരതൊട്ടു. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നു. മുംബൈയില്‍ കാറ്റിന്റെ വേഗത 100 കിലോമീറ്ററിന് മുകളിലാണ്. റായ്ഗഡ് ജില്ലയിലെ അലിബാഗിലാണ് ഉച്ചയ്ക്ക് 1 മണിയോടെ നിസര്‍ഗ കരതൊട്ടു തുടങ്ങിയത്. ദക്ഷിണ മുംബൈയില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണിട്ടുണ്ട്.

 

നിസര്‍ഗ മുംബൈയിലും താനെയിലും പാല്‍ഘറിലും റായ്ഗഢിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത ആറ് മണിക്കൂര്‍ നേരം കാറ്റ് മുംബൈ നഗരത്തെയും സമീപപ്രദേശങ്ങളെയും പിടിച്ചുലക്കുമെന്നാണ് കരുതുന്നത്. മുന്‍കരുതല്‍ നടപടിയായി പാല്‍ഘര്‍ മേഖലയില്‍നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുകയും വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തിട്ടുണ്ട്. തീരപ്രദേശത്തെ കുടിലുകളും വീടുകളും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. മുംബൈ വിമാനത്താവളത്തില്‍ വൈകീട്ട് 7 വരെ വിമാനങ്ങള്‍ നിര്‍ത്തിവച്ചു.

രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ. ഒരു നൂറ്റാണ്ട് കാലത്ത് മുംബൈ നഗരത്തില്‍ ആഞ്ഞടിക്കുന്ന ആദ്യത്തെ ചുഴലിക്കാറ്റും. 129 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചുഴലിക്കാറ്റ് മുംബൈ തീരത്തേക്ക് എത്തുന്നത്. മുംബൈ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴമാപിനികള്‍ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച് 33 മില്ലിമീറ്റര്‍ മഴയാണ് ഇന്നലെ രാത്രി മാത്രം മുംബൈ നഗരത്തില്‍ പെയ്തത്. കടല്‍ കാര്യമായി കരയിലേക്ക് കയറാന്‍ സാധ്യതയുണ്ടെന്നും, നഗരത്തില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്നും കണക്കുകൂട്ടുന്നുണ്ട്.

കൊവിഡ് മഹാമാരിയായി പടരുന്നതിനിടെയാണ് മുംബൈയില്‍ ചുഴലിക്കാറ്റും ആഞ്ഞടിക്കുന്നത് എന്നതാണ് ആശങ്കയേറ്റുന്നത്. ബീച്ചുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കൊന്നും, ആരോടും എത്തരുതെന്ന് ബൃഹന്‍മുംബൈ കോര്‍പ്പറേഷന്‍ അധികൃതരും പൊലീസും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാവരും വീടിനകത്ത് തന്നെ ഇരിക്കണമെന്നാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ”സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന കൊവിഡ് വെല്ലുവിളിയേക്കാള്‍ വലുതാകാം ഇപ്പോഴത്തെ ചുഴലിക്കാറ്റ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ അടുത്ത രണ്ട് ദിവസത്തേക്ക് ഉണ്ടാകുന്നതല്ല. എല്ലാവരും ജാഗ്രതയില്‍ തുടരണം”, എന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. 70,000-ത്തിലധികം കൊവിഡ് കേസുകളുണ്ട് നിലവില്‍ മുംബൈയില്‍.

ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ താല്‍ക്കാലിക കോവിഡ് ആശുപത്രിയില്‍നിന്ന് 250 രോഗികളെ മുന്‍കരുതലിന്റെ ഭാഗമായി വര്‍ളി സ്പോര്‍ട്സ് ക്ളബ്ബിലെ കോവിഡ് സെന്ററിലേക്ക് മാറ്റി. അടിയന്തരസാഹചര്യം നേരിടാന്‍ 16 യൂണിറ്റ് ദുരന്തനിവാരണസേനയെ സംസ്ഥാനത്ത് വിന്യസിച്ചു.

Cyclone Nisarga Strikes Alibaug Near Mumbai


 

Most Popular