ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മുംബൈ തീരത്തേക്കടുക്കുന്നു; കേരളത്തില്‍ ഓറഞ്ച് അലര്‍ട്ട്

CYCLONE NISARGA MUMBAI

മുംബൈ: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറുന്നു.  പനാജിക്ക് 280 കിലോമീറ്റര്‍ അകലെയുള്ള നിസര്‍ഗ നാളെ വൈകുന്നേരത്തോടെ വടക്കന്‍ മഹാരാഷ്ട്രയില്‍ തീരം തൊടും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. റ

റായിഗഡിലെ അലിബാഗിലൂടെ കരയിലേക്ക് കയറുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുംബൈയില്‍ അതി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യന്‍ തീരത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസര്‍ഗ.

അറബിക്കടലിലെ തീവ്രന്യൂനമര്‍ദ്ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറിയതോടെ കേരളത്തില്‍ ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അടുത്ത 5 ദിവസവും ശക്തമായ മഴ തുടരും. ഇന്ന് നാല് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി മഴ തുടര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെളളംകയറി.

എറണാകുളം ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ 5 ഷട്ടറുകളും മലങ്കര ഡാമിലെ 3 ഷട്ടറുകളും തുറന്നുവിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നു.
തീരത്ത് 60 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരമേഖലയില്‍ കടലാക്രമണവും ശക്തമായി തുടരുകയാണ്.

cyclone-nisarga-to-hit-maharashtra-in-12-hours-high-alert-in-mumbai