Saturday, April 17, 2021
Home News National യുദ്ധവിമാന കരാറില്‍ 9 കോടി ഇന്ത്യന്‍ കമ്പനിക്ക് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തല്‍; ബിജെപി വീണ്ടും വെട്ടില്‍;...

യുദ്ധവിമാന കരാറില്‍ 9 കോടി ഇന്ത്യന്‍ കമ്പനിക്ക് കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തല്‍; ബിജെപി വീണ്ടും വെട്ടില്‍; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന കരാറില്‍ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യണ്‍ യൂറോ(ഏകദേശം 8.77 കോടി രൂപ) കൈക്കൂലി നല്‍കിയെന്ന് വെളിപ്പെടുത്തല്‍. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ വെട്ടിലാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇടപാടില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു.

റഫാല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ടെന്ന് സുര്‍ജേവാല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇരുരാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ തമ്മിലുള്ള പ്രതിരോധ ഇടപാടില്‍ ഇടനിലക്കാരനും കമ്മീഷനും എങ്ങനെ അനുവദിക്കപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ ഇടപാടില്‍ എത്രമാത്രം കൈക്കൂലിയും കമ്മീഷനുമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് പുതിയ റിപോര്‍ട്ട്. ഈ പണം ആരാണ് കൈപ്പറ്റിയത് എന്നറിയാന്‍ അന്വേഷണം വേണമെന്നും ഇടപാടില്‍ വീണ്ടും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മോദി രാജ്യത്തോട് മറുപടി പറയണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.

ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടാണ് റഫാല്‍ ഇടപാട് സംബന്ധിച്ച നിര്‍ണായകവിവരങ്ങള്‍ തിങ്കളാഴ്ച പുറത്തുവിട്ടത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ദസ്സോ കമ്പനിയില്‍ നടന്ന ഓഡിറ്റിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2016-ല്‍ റഫാല്‍ കരാര്‍ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോണ്‍ട്രാക്ടറായ ഡെഫിസിസ് സൊലൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയര്‍ന്ന തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇത്തരം ചെലവുകള്‍ ‘ഇടപാടുകാര്‍ക്കുള്ള സമ്മാന’മെന്ന രീതിയില്‍ അക്കൗണ്ടുകളില്‍ വിശദീകരിച്ചതിനെക്കുറിച്ചും ദസ്സോയ്ക്ക് വ്യക്തമായ മറുപടി നല്‍കാനായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേന്‍ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്‌സിസ് സൊലൂഷന്‍സ്. നേരത്തെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി കേസില്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേന്‍ ഗുപ്ത. പുതിയ റിപോര്‍ട്ടിനെ കുറിച്ച് ബിജെപി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ALSO WATCH

Most Popular