ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ നീലഗിരിയില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് മരിച്ചു. ബിപിന്‍ റാവത്ത് ഉള്‍പ്പെടെ കോപ്ടറില്‍ ഉണ്ടായിരുന്ന 13 പേരാണ് മരിച്ചതായി. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് ഗുരുതര പരിക്കുകളോടെ ചികില്‍സയിലാണ്.
ജനറല്‍ റാവത്തിന്റെ ഭാര്യയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, മറ്റു 11 പേര്‍ എന്നിവര്‍ ദൗര്‍ഭാഗ്യകരമായ കോപ്ടര്‍ അപകടത്തില്‍ മരിച്ച കാര്യം അതീവ ദുഖത്തോടെ അറിയിക്കുന്നതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ട്വീറ്റ് ചെയ്തു.
വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17V5 ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുളൂര്‍ വ്യോമസേന കേന്ദ്രത്തില്‍ല്‍ നിന്നു നീലഗിരി ഹില്‍സിലെ വെല്ലിംഗ്ടണ് ഡിഫന്‍സ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര.
ലാന്‍ഡിങിന് 10 മിനിറ്റ് മാത്രം അവശേഷിക്കവേയാണ് അപകടം. തൊട്ടടുത്ത റോഡില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് കോപ്ടര്‍ തകര്‍ന്നുവീണത്. അതുകൊണ്ട് തന്നെ മലകയറിയാണ് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയത്.