Friday, December 2, 2022
HomeEdiotrs Pickഡല്‍ഹി കോടതിയില്‍ സ്‌ഫോടനം നടത്തിയത് ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍; ലക്ഷ്യം അഭിഭാഷകന്‍

ഡല്‍ഹി കോടതിയില്‍ സ്‌ഫോടനം നടത്തിയത് ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍; ലക്ഷ്യം അഭിഭാഷകന്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി ജില്ലാ കോടതിയില്‍ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനി(ഡിആര്‍ഡിഒ)ലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഭരത് ഭൂഷണ്‍ കതാരിയാണ് അറസ്റ്റിലായത്.

ഡല്‍ഹി പോലിസിന്റെ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ വസതിയില്‍നിന്ന് ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തതായും പോലിസ് അറിയിച്ചു. അഭിഭാഷകന്റെ വേഷത്തില്‍ കോടതിയില്‍ കയറിയ ഇയാള്‍ സ്ഫോടനത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.

അയല്‍വാസിയായ അഭിഭാഷകനോടുള്ള വ്യക്തിവൈരാഗ്യമാണ് കൃത്യത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവദിവസം രോഹിണി കോടതിയിലെത്തിയ നിരവധി വാഹനങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതായി ഡല്‍ഹി പോലിസ് കമ്മീഷണര്‍ രാകേഷ് അസ്താന മാധ്യമങ്ങളോട് പറഞ്ഞു.

ബാഗുമായി പ്രതി കോടതിയിലേക്ക് വരുന്നതും ബാഗില്ലാതെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ബാഗിലെ ലോഗോ കതാരിയയുടെ അടുത്ത ബന്ധു ജോലിചെയ്യുന്ന കമ്പനിയുടേതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടെയാണ് പ്രതി കുടുങ്ങിയത്. അഭിഭാഷകനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ സമ്മതിച്ചതായി പോലിസ് പറഞ്ഞു. കത്താരിയയും അയല്‍വാസിയും അഭിഭാഷകനുമായ അമിത് വസിഷ്ഠും തമ്മില്‍ കുറേക്കാലമായി വിരോധത്തിലായിരുന്നു. പ്രതിക്കെതിരേ അഭിഭാഷകന്‍ നിരവധി കേസുകളും ഫയല്‍ ചെയ്തിരുന്നു. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്.

ബോംബ് സ്ഥാപിക്കാന്‍ ഉപയോഗിച്ച റിമോട്ടും മറ്റ് ചില വസ്തുക്കളും ഇ-കൊമേഴ്സ് വെബ്സൈറ്റ് വഴിയാണ് പ്രതി വാങ്ങിയതെന്ന് പോലിസ് കണ്ടെത്തി. അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. ഇത് ശരിയായ രീതിയില്‍ പൊട്ടാത്തതാണ് അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണമെന്നും പോലിസ് പറഞ്ഞു.

ഡിസംബര്‍ ഒമ്പതിനാണ് രോഹിണി ജില്ലാ കോടതിയിലെ 102ാം കോടതിമുറിയില്‍ ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റത്. രാവിലെ 10.30ഓടെയായിരുന്നു സംഭവം.

 

Most Popular