
‘ദില്ലി ചലോ’ മാർച്ചിന് അനുമതി നൽകാതെ ദില്ലി പൊലീസ്; എവിടെയാണോ മാർച്ച് തടയുന്നത് അവിടെയിരുന്ന് പ്രതിഷേധിക്കുമെന്ന് കർഷകർ
ദില്ലി/ ഫരീദാബാദ്: ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ‘ദില്ലി ചലോ’ മാര്‍ച്ചിന് അനുമതി നല്‍കാതെ ദില്ലി പൊലീസ്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ കര്‍ഷകനിയമങ്ങള്‍ക്കെതിരെ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ ഫരീദാബാദിലും ഹരിയാന – ദില്ലി അതിര്‍ത്തിയിലെമ്പാടും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സര്‍വീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും ദില്ലിയിലേക്കുള്ള ബസ് സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. യുപി, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകസംഘടനകളാണ് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.
പഞ്ചാബില്‍ നിന്നും കര്‍ണാടകയില്‍ നിന്നും നൂറുകണക്കിന് കര്‍ഷകരാണ് പ്രതിഷേധവുമായി ദില്ലി അതിര്‍ത്തിയിലെത്തിയിരിക്കുന്നത്. കൊടും തണുപ്പായതിനാല്‍ ഭക്ഷണപദാര്‍ത്ഥങ്ങളും തീകായാനുള്ള വസ്തുക്കളുമായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. അഞ്ച് ഹൈവേകളിലൂടെയായി ഹരിയാന അതിര്‍ത്തിയിലൂടെ ദില്ലിയിലേക്ക് പ്രവേശിച്ച് വന്റാലി നടത്താനാണ് കര്‍ഷകസംഘടനകളുടെ തീരുമാനം. ദില്ലിയിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെങ്കില്‍ എവിടെയാണോ മാര്‍ച്ച് തടയുന്നത് അവിടെയിരുന്ന് പ്രതിഷേധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു.
200 കര്‍ഷകയൂണിയനുകള്‍ സംയുക്തമായാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ണാലില്‍ വച്ച് ഇന്നലെ ദില്ലി ചലോ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. എന്നിട്ടും കര്‍ഷകര്‍ പിന്മാറാന് തയ്യാറായിരുന്നില്ല. പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ വലിയ ബാരിക്കേഡുകള്‍ വച്ച് മാര്‍ച്ച് തടഞ്ഞത് വലിയ സംഘര്‍ഷത്തിനാണ് വഴിവച്ചത്. ബാരിക്കേഡുകള്‍ ട്രാക്ടര്‍ വച്ച് മാറ്റാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഹരിയാന, യുപി, ദില്ലി അതിര്‍ത്തി പ്രദേശങ്ങളില്‍ സിആര്‍പിഎഫിനെ അടക്കം നിയോഗിച്ചിട്ടുണ്ട്.
അതേസമയം, ഹരിയാനയിലെ അംബാലയില്‍ വന്‍തോതില്‍ കര്‍ഷകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി കൂട്ടംകൂടുകയാണ്. കാറുകളിലും ബൈക്കുകളിലും ട്രാക്റ്ററുകളിലുമായി നിരവധിപ്പേര്‍ എത്തിയിട്ടുണ്ട്. ദേശീയപാത 44-ല്‍ റോഡ് ഉപരോധത്തിന്റെ ഭാഗമായി ദില്ലി ഹരിയാന അതിര്‍ത്തി പ്രദേശം വരെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പുതിയ കര്‍ഷകനിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഡിസംബര്‍ 3-ന് കര്‍ഷകസംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാസം സര്‍ക്കാര്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയത് പരാജയമായിരുന്നു. ഇതേത്തുടര്‍ന്നാണ് വന്‍ പ്രതിഷേധറാലിയ്ക്ക് കര്‍ഷകര്‍ തയ്യാറെടുത്തത്.